കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വിദ്യാഭ്യാസത്തിന് കുട്ടികളെ കൊണ്ടുവ ന്നത് കുട്ടിക്കടത്താണെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസിലും സി.ബി.ഐ അന്വേ ഷണം അവസാനിപ്പിച്ചു. തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റ ർ ചെയ്തതെന്നും കുട്ടിക്കടത്തിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ ഡൽഹി യൂനിറ ്റ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ചു.
2014 മേയ് 24, 25 തീയതികളിൽ ബിഹാർ, ബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ് ങളിൽനിന്ന് മുക്കം, വെട്ടത്തൂർ യതീംഖാനകളിലേക്ക് എത്തിയ 578 വിദ്യാർഥികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽവെച്ച് റെയിൽവേ പൊലീസ് തടഞ്ഞുവെച്ച് രജിസ്റ്റർ ചെയ്ത കേസുകളിലാണ് സി.ബി.ഐ നടപടി.
പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏതാനും ഉദ്യോഗസ്ഥരും പരാതിപ്പെട്ടതിനെത്തുടർന്നാണ് കുട്ടികളെ തടഞ്ഞുവെച്ചത്. കുട്ടികളെ കൊണ്ടുവന്ന ബിഹാർ സ്വദേശികളായ അബ്ദുൽഹാദി അൻസാരി, ഹഫീസ് ഘോഷ്, മുഹമ്മദ് ആലംഗീർ, മുഹമ്മദ് ഇദ്രീസ് ആലം, മൗലാന ഫയാൽ മുല്ല, ഝാർഖണ്ഡ് സ്വദേശി വിശ്വാസ് കനി, പശ്ചിമബംഗാൾ സ്വദേശികളായ മൻസൂർ, ബക്കർ, ദോഷ് മുഹമ്മദ്, ജഷീർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഈ കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ, ഇതര സംസ്ഥാനങ്ങൾ ഉൾപ്പെട്ട കേസാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നത് പഠിപ്പിക്കാനാണെന്നും കുട്ടിക്കടത്തല്ലെന്നും ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചത്.
കുട്ടിക്കടത്ത് ആരോപിച്ച് മുക്കം ഓർഫനേജിലെ 21 ഭാരവാഹികൾക്കെതിരെ ഝാർഖണ്ഡിൽ രജിസ്റ്റർ ചെയ്ത കേസ് ഝാർഖണ്ഡ് ഹൈകോടതി റദ്ദാക്കിയിരുന്നു. ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലേക്ക് കുട്ടികൾ എത്തിയത് പഠനാവശ്യാർഥമാണെന്നും കുട്ടികളുടെ രക്ഷാകർത്താക്കളുടെ അനുമതിയോടെയാണ് ഇവരെ ഇവിടെ എത്തിച്ചതെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സൗജന്യഭക്ഷണവും വസ്ത്രങ്ങളും പഠനോപകരണങ്ങളും അടക്കമുള സൗകര്യങ്ങൾ യതീംഖാനയിൽ കുട്ടികൾക്ക് ലഭിച്ചിരുന്നതായും സി.ബി.ഐ കണ്ടെത്തി.
ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിൽ പ്രവേശിപ്പിക്കാമെന്ന് കേരള സമൂഹികനീതി വകുപ്പ് 2013 ജൂൺ 22ന് ഇറക്കിയ ഉത്തരവുള്ളതായും ഈ സാഹചര്യത്തിൽ കുട്ടിക്കടത്തായി കരുതാനാവില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.
യതീംഖാനകളിൽ കുട്ടികളെ ദുരുപയോഗം ചെയ്യുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും കുട്ടികൾ പഠിക്കുന്നതിലും മറ്റും രക്ഷിതാക്കൾ തൃപ്തരാണെന്നും സി.ബി.ഐ പറയുന്നു. സി.ബി.ഐ ഡൽഹി യൂനിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് നീലം സിങ്ങാണ് കേസന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.