തിരുവനന്തപുരം: കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്.പി.ഒ), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കിൽ രണ്ട് കോടി രൂപ വരെ കേരള ബാങ്കിൽ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ അനുവദിക്കുന്നു.
കർഷകരുടെ തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനായുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നുള്ള മൂന്ന് ശതമാനം പലിശ ഇളവോടെ ആറ് ശതാമനം പലിശക്കാണ് കർഷകർക്ക് കേരള ബാങ്ക് എ.ഐ.എഫ് വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് മാത്രം അനുവദിച്ചിരുന്ന എ.ഐ.എഫ് വായ്പയാണ് വ്യക്തികൾക്കും ഇതര സഹകരണ സംഘങ്ങൾക്കും നൽകാൻ തീരുമാനമായത്. ഒരു യൂനിറ്റിന് പദ്ധതി തുകയുടെ 90 ശതമാനം അല്ലെങ്കിൽ രണ്ട് കോടി രൂപ വരെയാണ് എ.ഐ.എഫ് വായ്പ അനുവദിക്കുന്നത്. കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് വായ്പ പ്രയോജനപ്പെടുത്താം.
കൂടാതെ കർഷകർക്കായുള്ള ഹ്രസ്വകാല, ദീർഘകാല കാർഷിക വായ്പകളും കുറഞ്ഞ പലിശ നിരക്കിൽ കേരള ബാങ്ക് വഴി അനുവദിക്കുന്നു. ക്ഷീരകർഷകർക്ക് രണ്ട് ലക്ഷം രൂപ വരെ അനുവദിക്കുന്ന ക്ഷീരമിത്ര വായ്പയും കരിമീൻ, കാളാഞ്ചി, കൂടുമത്സ്യകൃഷി, ചെമ്മീൻ, വനാമി കർഷകർക്കുള്ള പ്രവർത്തന മൂലധന വായ്പയും ദീർഘകാല വായ്പയും കുറഞ്ഞ പലിശ നിരക്കിൽ സർക്കാർ സബ്സിഡിയോടെ ലഭ്യമാണ്. ശീതീകരണ സൗകര്യത്തോടുകൂടിയ മത്സ്യ വില്പന വാഹനത്തിനും വായ്പ അനുവദിക്കുന്നു.
2025-26 ൽ ബാങ്കിന്റെ മൊത്തം വായ്പയുടെ മൂന്നിലൊന്ന് കാർഷിക മേഖലക്ക് ഉറപ്പാക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖലയിൽ മാത്രം 99,200 പുതിയ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തത്. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി (എ.ഐ.എഫ്) ഉപയോഗിച്ച് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് വിവിധ പ്രോജക്ടുകൾക്കായി രാജ്യത്ത് ഏറ്റവും കൂടുതൽ വായ്പ വിതരണം ചെയ്തത് കേരള ബാങ്കിലൂടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.