കഞ്ചിക്കോട്: വാളയാർ കേസന്വേഷണ ഭാഗമായി മരിച്ച പെണ്‍കുട്ടികളുടെ വീട്ടിൽ സി.ബി.െഎ ഡമ്മി പരീക്ഷണം നടന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ട വീട്ടില്‍ തിങ്കളാഴ്ച വൈകീട്ട് സാഹചര്യം പുനരാവിഷ്കരിക്കുകയായിരുന്നു. കുട്ടികൾ മരിച്ച മുറിയിൽ രണ്ടുപേരുടെയും അതേ തൂക്കത്തിലുള്ള ഡമ്മി തൂക്കി നോക്കി.
വീടിെൻറ ഉത്തരത്തിൽ തൂങ്ങിമരിക്കാൻ ഒമ്പത് വയസ്സുകാരിക്ക് ആകില്ലെന്നതായിരുന്നു കേസിലെ പ്രധാന വാദം. ഈ കാര്യമടക്കം ഉറപ്പിക്കാനാണ് ഡമ്മി പരീക്ഷണം. പരീക്ഷണത്തിന് മുന്നോടിയായി പെൺകുട്ടികളുടെ വസ്ത്രങ്ങൾ, ഷാൾ എന്നിവ ആവശ്യപ്പെട്ട് സി.ബി.ഐ പാലക്കാട് പോക്സോ കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. പൊലീസ് രേഖയിലെ മുഴുവൻ സാധനങ്ങളും നല്കാനാവില്ലെന്നായിരുന്നു കോടതി നിലപാട്.
ഇതോടെ സമാന വസ്തുക്കൾ ഉപയോഗിച്ച് ഡമ്മി പരീക്ഷണം നടത്താമെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഇതിനുള്ള വകുപ്പുതല അനുമതി സി.ബി.ഐ നേരത്തേ നേടിയിരുന്നു. കഴിഞ്ഞയാഴ്ച ഒന്നാം പ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെ പാലക്കാട് ജില്ല ജയിലിലെത്തി സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
പെണ്‍കുട്ടികളുടെ അമ്മയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പതുവയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് കേസ് സി.ബി.ഐക്ക് വിട്ടത്. ഏപ്രിൽ ഒന്നിനാണ് സി.ബി.െഎ കേസ് ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.