കൊച്ചി: തൃശൂർ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സി.ബി.ഐ കേസെടുത്തു. സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് നടപടി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് തുടക്കമിട്ടത്.
നിർമാണക്കരാർ ഏറ്റെടുത്ത യൂനിടാക് ബിൽഡേഴ്സിെൻറ മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സഹോദര സ്ഥാപനമായ സാൻവെഞ്ചേഴ്സ് കമ്പനി, ഇനിയും കണ്ടെത്താനുള്ളവർ എന്നിങ്ങനെ പറഞ്ഞാണ് സി.ബി.ഐ പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇതിനൊപ്പം അന്വേഷണസംഘം കൊച്ചിയിലും തൃശൂരിലും മിന്നൽ പരിശോധനയും നടത്തി. യൂനിടാക് ബിൽഡേഴ്സ് ഓഫിസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമായിരുന്നു പരിശോധന. കേസുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായാണ് സൂചന.
വിദേശത്തുനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് ഫോറിൻ കോൺട്രിബ്യൂഷൻ െറഗുലേഷൻ ആക്ട് 35ാം വകുപ്പ്, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ പ്രതിചേർത്ത് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകും. സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആർക്കെങ്കിലും പങ്കുള്ളതായി കണ്ടെത്തിയാൽ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കും. യു.എ.ഇ റെഡ് ക്രസൻറുമായി യൂനിടാക് ഉണ്ടാക്കിയ കരാർ നിയമവിരുദ്ധമാണെന്ന് നേരത്തേതന്നെ ആരോപണമുയർന്നിരുന്നു.
ഇതിനുപിന്നാലെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് പല കോണുകളിൽനിന്ന് ആവശ്യമുയർന്നു. ഈ സാഹചര്യത്തിലാണ് കരാറിെൻറ സാധുത ഉൾെപ്പടെ പരിശോധിക്കാൻ സി.ബി.ഐ തീരുമാനിച്ചത്. ലോക്കറിൽനിന്ന് ലഭിച്ച പണം ലൈഫ് മിഷൻ പദ്ധതിയിൽനിന്ന് കമീഷനായി ലഭിച്ചതാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നേരത്തേ എൻ.ഐ.എ കോടതിയിൽ സമ്മതിച്ചിരുന്നു. ഇത് ഉറപ്പിക്കാനും ഇതിന് പിന്നിലെ ഇടപാടുകൾ പരിശോധിക്കാനും സി.ബി.ഐ സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെയും ചോദ്യം ചെയ്യും. അടുത്ത ദിവസം തിരുവനന്തപുരം ലൈഫ് മിഷൻ ഓഫിസിലും പരിശോധന നടത്തും. സ്വപ്നക്കുപുറമെ സന്ദീപ് നായർക്കും കമീഷൻ നൽകിയ വിവരങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.