പാലക്കാട്: വാളയാറിലെ ദലിത് പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. നിരന്തര ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തെന്ന പൊലീസ് കണ്ടെത്തലിൽ തന്നെയാണ് സി.ബി.ഐയും എത്തിച്ചേർന്നത്. പൊലീസ് പ്രതിചേർത്തവർ തന്നെയാണ് സി.ബി.ഐ കേസിലും പ്രതികൾ. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ആദ്യ പെൺകുട്ടിയുടെ മരണത്തിൽ വാളയാർ പാമ്പാംപള്ളം സ്വദേശി വലിയ മധു എന്ന വി. മധു (31), ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം സ്വദേശി ഷിബു (48), അട്ടപ്പള്ളം വള്ളിക്കാട് വീട്ടിൽ എം. മധു എന്ന കുട്ടിമധു (28) എന്നിവർ പ്രതികളാണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും, സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. ബലാത്സംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. ഷിബുവെന്ന പ്രതിക്കെതിരെ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തി.
ഏതാനും മാസങ്ങളായി പാലക്കാട്ട് ക്യാമ്പ് ചെയ്ത സി.ബി.ഐ ഉദ്യോഗസ്ഥർ രക്ഷിതാക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ, അയൽക്കാർ, സാക്ഷികൾ തുടങ്ങി 106ഓളം പേരെ ചോദ്യം ചെയ്തിരുന്നു. വാളയാർ സ്‌റ്റേഷനിലെത്തി അന്വേഷണ സംഘത്തിലുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. പൊലീസ് ബോധപൂർവം തങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ച സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. ഡമ്മി പരിശോധനയും നടത്തി.
ഹൈകോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സി.ബി.ഐ വാളയാർ കേസ് അന്വേഷണം ഏറ്റെടുത്തത്. ഒമ്പത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ സി.ബി.ഐ എത്തിയത്.
ഒന്നും രണ്ടും പ്രതികളായ വി. മധു, ഷിബു എന്നിവർ റിമാൻഡിലാണ്. എം. മധു, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവർ ജാമ്യത്തിലാണ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ വിചാരണ പാലക്കാട് ജുവനൈൽ കോടതിയിൽ നടന്നുവരുകയാണ്.
13കാരിയെ 2017 ജനുവരി 13നും ഒമ്പതുവയസ്സുള്ള സഹോദരിയെ മാർച്ച് നാലിനുമാണ് വാളയാർ അട്ടപ്പള്ളത്തെ കുടുംബം താമസിച്ച ഷെഡിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി. പൊലീസ് കേസിലെ മൂന്നാം പ്രതി ചേർത്തല സ്വദേശി പ്രദീപ് കുമാർ അപ്പീൽ ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെ 2020 നവംബർ നാലിന് ആത്മഹത്യ ചെയ്തിരുന്നു. അന്വേഷണത്തിനിടെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച പ്രവീണ്‍ (29) എന്ന യുവാവും ആത്മഹത്യ ചെയ്തിരുന്നു.
വാളയാർ കേസിൽ പൊലീസ് അന്വേഷണം ശരിവെക്കുന്നതാണ് സി.ബി.ഐയുടെയും കുറ്റപത്രം. 2017 ജൂണ്‍ 22നാണ് പൊലീസ് പാലക്കാട് പോക്സോ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. സഹോദരിമാര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി ഒഴികെയുള്ള നാല് പേര്‍ക്കെതിരെ ഐ.പി.സി 305 (ആത്മഹത്യക്ക് പ്രേരിപ്പിക്കല്‍), ഐ.പി.സി 376 (ബലാത്സംഗം), എസ്.സി /എസ്.ടി (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ്) ആക്ട്, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയാണ് പൊലീസ് ചുമത്തിയത്. ഒന്നാം പ്രതി വി. മധു, നാലാം പ്രതി കുട്ടി മധു എന്ന എം. മധു എന്നിവര്‍ ബന്ധുക്കളായിരുന്നു. രാജാക്കാട് സ്വദേശി ഷിബു രണ്ടാം പ്രതിയും ചേര്‍ത്തല സ്വദേശിയായ പ്രദീപ് മൂന്നാം പ്രതിയുമാണ്.
2019 ഒക്ടോബര്‍ 15ന് തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതി പ്രദീപ്കുമാറിനെ പാലക്കാട് ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി (പോക്സോ) വെറുതെ വിട്ടു. ഒക്ടോബര്‍ 25ന് മറ്റ് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കുറ്റമുക്തരാക്കി. 2019 നവംബര്‍ 19നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഹൈകോടതിയിയെ സമീപിച്ചത്.
വാളയാറിലെ ദലിത് പെൺകുട്ടികളുടെ ദുരൂഹ മരണം ആത്മഹത്യയാണെന്ന് ഒമ്പത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് സി.ബി.ഐ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനം.
ഒന്നും രണ്ടും പ്രതികളായ വി. മധു, ഷിബു എന്നിവർ റിമാൻഡിലാണ്. എം. മധു, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവർ ജാമ്യത്തിലാണ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ വിചാരണ പാലക്കാട് ജുവനൈൽ കോടതിയിൽ നടന്നുവരുകയാണ്. 13കാരിയെ 2017 ജനുവരി 13നും ഒമ്പതുവയസ്സുള്ള സഹോദരിയെ മാർച്ച് നാലിനുമാണ് വാളയാർ അട്ടപ്പള്ളത്തെ കുടുംബം താമസിച്ച ഷെഡിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് പേരും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി. പൊലീസ് കേസിലെ മൂന്നാം പ്രതി ചേർത്തല സ്വദേശി പ്രദീപ് കുമാർ അപ്പീൽ ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തിരുന്നു. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച പ്രവീണ്‍ (29) എന്ന യുവാവും ആത്മഹത്യ ചെയ്തിരുന്നു.
•2017 ജനുവരി ഏഴിന് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
•രണ്ട് മാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍
•2017 മാര്‍ച്ച് ആറിന് അന്നത്തെ പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
•മാർച്ച് 12ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന് ആരോപണമുയര്‍ന്നു.
•അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു. പ്രാരംഭ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ വാളയാര്‍ എസ്.ഐ പി.സി. ചാക്കോയെ സംഘത്തില്‍നിന്ന് ഒഴിവാക്കി.
•പ്രത്യേക അന്വേഷണ സംഘത്തിെൻറ ചുമതല അന്നത്തെ പാലക്കാട് നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.ജെ. സോജന് നല്കി.
•വാളയാര്‍ എസ്.ഐ പി.സി. ചാക്കോക്ക് സസ്പെന്ഷൻ
•പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.
•2019 ജൂണ്‍ 22: സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം. പതിനാറുകാരെൻറ വിചാരണ ജുവനൈല്‍ കോടതിയിലേക്ക് മാറ്റി.
•2019 ഒക്ടോബര്‍ ഒമ്പതിന് കേസിലെ ആദ്യ വിധി. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു.
•2019 ഒക്ടോബർ 25: പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.
•2019 നവംബര്‍ 19: വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈകോടതിയെ സമീപിച്ചു.
•കേസന്വേഷണത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ട. ജില്ല ജഡ്ജി പി.കെ. ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമീഷനായി വെച്ചു.
•2020 മാര്‍ച്ച് 18: പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമീഷന് കണ്ടെത്തി.
•2020 ഒക്ടോബര്‍ 10: പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തി.
•2020 നവംബർ നാലിന് മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു.
•2021 ജനുവരി: പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈകോടതി റദ്ദാക്കി. പിന്നാലെ കേസ് സി.ബി.ഐക്ക് വിടുകയും ചെയ്തു.
•2021 ഏപ്രിൽ ഒന്ന്: കേസ് സി.ബി.ഐ ഏറ്റെടുത്ത് പാലക്കാട് പോക്സോ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.
•2021 ഡിസംബർ 27: വാളയാർ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിൽ സി.ബി.ഐ കുറ്റപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.