മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉപജാപകവൃന്ദമെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ ഉപജാപക വൃന്ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ സംഘമാണ് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്. പി.വി. അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ സി.ബി.ഐ അന്വേഷണം വേണം.

സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇതിനേക്കാള്‍ ഭീകരമായ കാര്യങ്ങള്‍ ഈ കോക്കസ് നടത്തിയിട്ടുണ്ട്. ക്രിമിനലുകളുടെ താവളമാണ് മുഖ്യമന്ത്രിയുടെ ഓഫിസെന്നും വി.ഡി സതീശന്‍ പറഞ്ഞു. പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അതില്‍ ഒരു വസ്തുതയുമില്ലെന്നും മുഖ്യമന്ത്രി പറയട്ടെ.

അതിന് അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. കേരളം ഭരിച്ച ഏതെങ്കിലും മുഖ്യമന്ത്രി ഇതുപോലുള്ള ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ടോ. ഇതു ചോദ്യം ചെയ്യാന്‍ നട്ടെല്ലുള്ള ആരെങ്കിലും സിപിഎമ്മിലുണ്ടോ. ആരോപണം ഉന്നയിച്ച അന്‍വറിനെതിരെ സി.പി.എം നടപടിയെടുക്കുമോ? പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ ആരോപണം ഉന്നയിച്ചത് പ്രതിപക്ഷം ആയിരുന്നെങ്കില്‍ ഇവര്‍ തള്ളിക്കളഞ്ഞേനെ എന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പൊലീസ് അന്വേഷണം പുകമറ സൃഷ്ടിക്കാനാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇതിന്റെ കേന്ദ്രബിന്ദു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങള്‍ വന്നു.

അതിന്റെ പേരില്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ, സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വളരെക്കാലം ജയിലില്‍ കിടന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് വന്നിരിക്കുന്നത്.

രാജ്യത്തിന് തന്നെ അപമാനകരമാണ് കേരള സര്‍ക്കാര്‍. വീണ്ടും സ്വര്‍ണം കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ക്രമസമാധാനത്തിന്റെ ചുമതലയുള്ള ആള്‍ നടത്തിയെന്നാണ് അന്‍വര്‍ പറഞ്ഞത്. അതിന് പിന്തുണ കൊടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്.

അദ്ദേഹം സി.പി.എം നേതാവാണ്. മുഖ്യമന്ത്രിക്ക് ഈ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു

Tags:    
News Summary - V.D. said that there is a conspiracy in the Chief Minister's office. Satishan.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.