മഞ്ചേരി: ഭക്ഷ്യവസ്തുക്കളുടെ വാതിൽപ്പടി വിതരണത്തിന് സംവിധാനമൊരുക്കാൻ സ്വകാര്യ, സപ്ലൈകോ ഗോഡൗണുകളെ ആശ്രയിക്കുകയാണെങ്കിലും ഇവ റേഷൻ കടകളിലെത്തുന്നത് വരെയുള്ള പൂർണ ഉത്തരവാദിത്തം സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് തന്നെ. സി.സി.ടി.വി സ്ഥാപിച്ച് സപ്ലൈകോ നിയന്ത്രണത്തിൽ സെൻട്രൽ കൺട്രോൾ സംവിധാനം ഒരുക്കണമെന്ന് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി.
താലൂക്ക് സപ്ലൈ ഒാഫിസർ സപ്ലൈകോ ഡിപ്പോയിൽ നിന്നുള്ള പ്രതിദിന, പ്രതിവാര, മാസാന്ത റിപ്പോർട്ട് ശേഖരിച്ച് എഫ്.സി.ഐ രേഖകളുമായി ഒത്തുനോക്കണം. ഗോഡൗണുകളിൽ സൂക്ഷിക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചും ഉത്തരവിൽ പറയുന്നു.
എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് ആദ്യം ഇടനില ഗോഡൗണുകളിലും തുടർന്ന് റേഷൻകടകളിലുമെത്തിക്കും. ഭക്ഷ്യധാന്യം സംഭരിക്കാൻ എലി-കീട ശല്യമില്ലാത്ത ഗോഡൗണുകളാണ് തെരഞ്ഞെടുക്കേണ്ടത്. താലൂക്ക് സപ്ലൈ ഒാഫിസ്, സപ്ലൈകോ ഡിപ്പോ, ജില്ല സപ്ലൈ ഒാഫിസ് എന്നിവിടങ്ങളിൽ അലോട്ട്മെൻറ് റിലീസിങ് ഒാർഡർ, ദിവസേനയുള്ള വരവ്, ഇനം, വാഹനനമ്പർ തുടങ്ങിയവ സൂക്ഷിക്കണം.
ഡിപ്പോകളിൽ അംഗീകൃത ഏജൻസി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ രജിസ്റ്റർ വേണം. വെയിങ് ബ്രിഡ്ജ്, കമ്പ്യൂട്ടർവത്കൃത ഇലക്ട്രോണിക് ത്രാസുകൾ, അഗ്നിശമനസംവിധാനം വേണം. ഗോഡൗണുകളിൽ കൃത്യമായ അളവ് കാണിക്കുന്ന സ്റ്റോക്ക് ബോർഡ് കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.