തിരുവനന്തപുരം: ലോക്കപ്പുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി കാമറ നിര്‍ബന്ധമാക്കി ഡി.ജി.പിയുടെ നിർദേശം. രണ്ട് ദിവസത്തിനുള്ളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാനാണ് നിർദേശം. വരാപ്പുഴ കസ്റ്റഡിമരണത്തിെൻറ പശ്ചാത്തലത്തിലാണ് നടപടി. 471 സ്റ്റേഷനുകളിലാണ് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നത്. കാമറ സ്ഥാപിച്ചശേഷം ബില്ലുകൾ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ എസ്.പിക്ക് കൈമാറണമെന്നും ഡി.ജി.പി ഉത്തരവിൽ വ്യക്തമാക്കി. അതാത് സ്റ്റേഷനിലെ കമ്പ്യൂട്ടറുമായി സി.സി.ടി.വി ബന്ധിപ്പിക്കണം. എല്ലാ ആഴ്ചയും ഹാർഡ് ഡിസ്കിലെ ദൃശ്യങ്ങൾ ഡി.വി.ഡിയിലേക്ക് മാറ്റണമെന്നും ഉത്തരവില്‍ പറയുന്നു.
രാത്രിയിലും വ്യക്തമായ ദൃശ്യങ്ങൾ പകർത്താനാവുന്ന എച്ച്.ഡി കാമറകളായിരിക്കണം സ്ഥാപിക്കേണ്ടത്. ഒരുമാസത്തെ സ്റ്റോറേജുണ്ടാകണം കാമറകൾക്ക്. ലോക്കപ്പിലെ മൂന്നാംമുറയും മർദനവും പൂർണമായി ഒഴിവാക്കുകയും പൊലീസിനെതിരേയുള്ള ആരോപണങ്ങൾ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി. സ്റ്റേഷനുകളുടെ മുൻഭാഗം, എസ്.എച്ച്.ഒ ചേംബർ, സന്ദർശകമുറി, ജി.ഡി ചാർജ് കാബിൻ എന്നിവയും കാമറക്കണ്ണിലാക്കും.
ലോക്കപ്പുകളിൽ പ്രതികളെ സൂക്ഷിക്കുന്ന കാര്യത്തിലും കൃത്യമായ മാർഗനിർദേശങ്ങൾ ഡി.ജി.പി നൽകിയിട്ടുണ്ട്. ഒാരോ സ്റ്റേഷനുകളിലെയും ലോക്കപ്പിലുള്ള പ്രതികളുടെ വിവരങ്ങൾ ഇൻസ്പെക്ടർമാർ അസി.കമീഷണർക്കും ഡെപ്യൂട്ടി കമീഷണർക്കും കൈമാറണം. ലോക്കപ്പിൽ പ്രതികളുണ്ടെങ്കിൽ സ്റ്റേഷനുകൾക്ക് കൂടുതൽ സുരക്ഷവേണം. രാത്രി മൂന്ന് പാറാവുകാരുണ്ടാവണം. ലോക്കപ്പുകൾ വൃത്തിയാക്കണം. ഗ്ലാസ്, ബ്ലേഡ്, കുപ്പികൾ, ടോയ്‌ലറ്റ് ക്ലീനർ, അപകടകരമായ വസ്തുക്കൾ എന്നിവ വെക്കരുത്. നാട്ടുകാർ പിടിച്ചുതരുന്ന പ്രതികളെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ആശുപത്രിയിലെത്തിച്ച് പരിശോധിക്കണം. കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതികളുടെ ദേഹത്ത് പരിക്കുകളുണ്ടെങ്കിൽ അക്കാര്യം ഡോക്ടർ രേഖപ്പെടുത്തണം. മദ്യപിച്ച് റോഡരികിൽ കിടക്കുന്നവർക്കും അവശരായവർക്കും വൈദ്യസഹായം ലഭ്യമാക്കണം, വീട്ടിലെത്തിക്കണം.
അറസ്റ്റിലാവുന്നത് രോഗികളാണെങ്കിൽ രോഗവിവരം മനസ്സിലാക്കി കൃത്യമായി മരുന്ന്, ഭക്ഷണം എന്നിവ അവർക്ക് ലഭ്യമാക്കണമെന്നും ഡി.ജി.പി നിർദേശിക്കുന്നു. നിർദേശങ്ങൾക്കൊപ്പം കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി ജില്ലാ പൊലീസ് മേധാവികൾ സർക്കുലറുകൾ പുറത്തിറക്കുകയും എസ്.എച്ച്.ഒ തലം വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗങ്ങൾ വിളിച്ചുചേർക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.