തിരുവനന്തപുരം: പ്രളയവും ഉരുൾപൊട്ടലും അടക്കമുള്ള ദുരന്തകാലത്ത് കേരളത്തിന് നൽകിയ സേവനത്തിന്റെ കണക്കുകൾ അക്കമിട്ട് നിരത്തി കേന്ദ്രസർക്കാർ. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെ ദുരന്തബാധിതരെ എയർലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം കേരളത്തോട് കണക്ക് പറഞ്ഞിരിക്കുന്നത്.
ഈ വകയിൽ സംസ്ഥാനം 132 കോടി 62 ലക്ഷം രൂപ ഉടൻ നൽകണമെന്നനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. 2019ലെ പ്രളയത്തിലും വയനാട് ഉരുൾ പൊട്ടലിലും വ്യോമസേന എയർലിഫ്റ്റിങ് സേവനം നൽകിയിരുന്നു. എസ്.ഡി.ആർ.എഫിന്റെ നീക്കിയിരിപ്പിൽ നിന്നാണ് വലിയ തുക കേന്ദ്രം തിരിച്ചുചോദിക്കുന്നത്.
വയനാട് ദുരന്തത്തിൽ പെട്ട നിരവധി പേരെയാണ് സൈന്യം എയർ ലിഫ്റ്റിങ് വഴി പുറത്തെത്തിച്ചത്. ആദ്യദിനം വ്യോമസേന നടത്തിയ സേവനത്തിന് 8,91,23,500 രൂപ നൽകണമെന്നാണ് കണക്ക് നൽകിയത്. ഇത്തരത്തിൽ വയനാട്ടിൽ ആകെ നടത്തിയ രക്ഷാപ്രവർത്തനത്തിന് ആകെ നൽകണ്ടേത് 69,65,46,417 രൂപയാണ്.
വയനാട് ഉരുൾ ദുരന്തത്തിൽ സഹായം നൽകുന്നതിനെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിൽ വാഗ്വാദം നടക്കുന്നതിനിടക്കാണ് ഇത്രയും തുക ആവശ്യപ്പെട്ടത്. പുനരധിവാസത്തിന് ചില്ലിക്കാശ് പോലും കേന്ദ്രം നൽകിയിട്ടില്ലെന്നാണ് കേരളം നിരന്തരമുന്നയിച്ച പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.