മൂന്നാർ കൈയേറ്റം: കേന്ദ്രം ഇടപെടുന്നു

ന്യൂഡൽഹി: മൂന്നാർ ഭൂമികൈയേറ്റ വിഷയത്തിൽ കേന്ദ്ര സർക്കാറും ഇടപെടുന്നു. കൈയേറ്റം അന്വേഷിക്കുമെന്നും കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മറ്റും  മൂന്നാർ വിഷയം ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്.

ഭൂമി സംസ്ഥാന വിഷയമായതിനാൽ കേന്ദ്ര ഇടപെടൽ എത്രത്തോളം സാധ്യമാണെന്ന ചോദ്യത്തിന് പരിസ്ഥിതി സംരക്ഷണവും സുരക്ഷയും മുൻനിർത്തിയാണ് ഇടപെടുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. പ്രകൃതി രമണീയമായ മൂന്നാറിനെ കേരളത്തിെൻറ പ്രതീകമായി നിലനിർത്താനാണ് താൽപര്യം. മൂന്നാറിൽ വലിയതോതിൽ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ കെട്ടിട നിർമാണവും കൈയേറ്റവും നടക്കുന്നതായി പരാതികളുണ്ട്. കെട്ടിടങ്ങളുടെ ആധിക്യം കാരണം മലയിടിച്ചിൽ വ്യാപകമാണെന്നാണ് പരാതി. കേന്ദ്രം ഇക്കാര്യം ഗൗരവത്തിലെടുക്കുന്നു. മൂന്നാർപ്രശ്നം രാഷ്ട്രീയത്തിന് അതീതമായാണ് കാണുന്നതെന്നും  മന്ത്രി വ്യക്തമാക്കി.

മൂന്നാറിൽ സന്ദർശനം നടത്തിയ കേന്ദ്ര മന്ത്രി സി.ആർ. ചൗധരി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മൂന്നാർ അപകടാവസ്ഥയിലാണെന്നാണ് മന്ത്രിയുടെ റിപ്പോർട്ട്. മൂന്നാറിൽ പച്ചപ്പ് കുറയുകയാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ സർക്കാർ ഭൂമി വ്യാപകമായി കൈയേറി വൻകിട കെട്ടിടങ്ങൾ നിർമിച്ചിരിക്കുകയാണ്. ഇത് ഭാവിയിൽ വലിയ അപകടങ്ങൾക്ക് കാരണമാകും. മണ്ണിടിച്ചിൽ, പാറ അടർന്നുവീഴൽ തുടങ്ങിയ പ്രകൃതിക്ഷോഭം സംഭവിക്കാൻ വലിയ സാധ്യതകളുണ്ട്. ഇത് തടയേണ്ടത് സംസ്ഥാന സർക്കാറാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാർ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയെന്ന ബി.ജെ.പി അജണ്ടയുടെ ഭാഗമാണ് കേന്ദ്രത്തിെൻറ ഇടപെടൽ.

 

Tags:    
News Summary - center interfere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.