10 ജില്ലകളിലെ തീര പരിപാലന പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ന്യൂഡൽഹി: കേരളത്തിലെ 10 തീരദേശ ജില്ലകളിലെ കടൽ, കായൽ തീരങ്ങളിൽ നിർമാണത്തിനുള്ള നിയന്ത്രണ പരിധിയിൽ ഇളവു വരുത്തിയ തീരപരിപാലന പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീര പരിപാലന പദ്ധതിക്കാണ് 2019ലെ തീര മേഖല നിയന്ത്രണ (സി.ആർ.ഇസഡ്) വിജ്ഞാപന പ്രകാരം അനുമതി നൽകിയത്. ഈ ജില്ലകളിലെ തീര നിയന്ത്രണ മേഖലകളിൽ തയാറാക്കുന്ന പദ്ധതി നിർദേശങ്ങൾ 2019ലെ സി.ആർ.ഇസഡ് വിജ്ഞാപനത്തിന് അനുസൃതമായിരിക്കണം.

ഇന്നലെ വരെയുള്ള പദ്ധതി നിർദേശങ്ങൾക്ക് 2011ലെ വിജ്ഞാപനമായിരിക്കും മാനദണ്ഡമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം 23ന് ചേർന്ന ദേശീയ തീര പരിപാലന അതോറിറ്റിയുടെ യോഗ ശിപാർശക്കാണ് വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകിയത്. 10 ജില്ലകളുടെയും തീരദേശ പരിപാലന പദ്ധതി ഒരു മാസത്തിനകം കേരള തീരപരിപാലന അതോറിറ്റി (കേരള സി.ഇസഡ്.എം.എ) പൊതുജനങ്ങൾക്ക് വെബ്സൈറ്റിലൂടെ ലഭ്യമാക്കണം.

സംസ്ഥാനത്തെ 10 ജില്ലകളിലായി 245 പഞ്ചായത്തുകളും 36 മുനിസിപ്പാലിറ്റികളും അഞ്ച് കോർപറേഷനുകളുമാണ് തീര പരിപാലന പദ്ധതി പരിധിയിൽ വരുന്നത്. 2019 ജനുവരിയിൽ കേന്ദ്രം പുറത്തിറക്കിയ സി.ആർ.ഇസഡ് വിജ്ഞാപന പ്രകാരം സി.ആർ.ഇസഡ് 1 എ, 1 ബി, 2, 3 എ, 3 ബി, 4 എ, 4 ബി എന്നിങ്ങനെയാണ് തീര മേഖലകളെ തരംതിരിച്ചത്. ഇതിൽ ജനവാസ മേഖല ഉൾപ്പെടുന്നത് സോൺ 2, 3 എ, 3 ബി എന്നിവയിലാണ്. ഓരോ മേഖലയിലും നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുള്ള പ്രത്യേക ബഫർസോണുണ്ടാകും. 

Tags:    
News Summary - Central approval for coastal management scheme in 10 districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.