കൊച്ചി: വിരമിച്ച സമയത്തെ കമ്യൂട്ടേഷനുശേഷം 15 വർഷം പൂർത്തിയാക്കിയവർക്ക് ലഭിക്കേണ്ട സാധാരണ പെൻഷൻ ലഭ്യമാക്കണമെന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. കൊല്ലം യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി എന്നിവിടങ്ങളിൽനിന്ന് വിരമിച്ച എട്ട് ജീവനക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എൻ.നഗരേഷ് അസി. പി.എഫ് കമീഷണർ അടക്കം എതിർ കക്ഷികൾക്ക് നോട്ടീസ് ഉത്തരവായത്.
1995ലെ പെൻഷൻ സ്കീം 12 എ പ്രകാരം, മാസ പെൻഷന്റെ 100 ഇരട്ടി ലഭിക്കുന്ന രീതിയിൽ പരമാവധി പെൻഷന്റെ മൂന്നിലൊരുഭാഗം കമ്യൂട്ട് ചെയ്യാനും ബാക്കി തുക മാസംതോറും പെൻഷനായി ലഭിക്കാനും വ്യവസ്ഥയുണ്ട്.
2008ൽ ഇത് ഒഴിവാക്കി ഉത്തരവിറങ്ങിയതോടെ കടുത്ത പ്രതിഷേധമുണ്ടായി. തുടർന്ന്, 2008 ജൂൺ 25നുമുമ്പ് കമ്യൂട്ടേഷൻ സൗകര്യം പ്രയോജനപ്പെടുത്തിയവർക്ക് സാധാരണ പെൻഷൻ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കി 2020 ഫെബ്രുവരിയിൽ 12 ബി വ്യവസ്ഥ നിലവിൽവന്നു. എന്നാൽ, ഇതുപ്രകാരം ലഭിക്കേണ്ട സാധാരണ പെൻഷൻ ലഭിച്ചില്ലെന്നാണ് ഹരജിയിലെ ആക്ഷേപം.
ഹരജിക്കാരെല്ലാം 75 വയസ്സിന് മുകളിലുള്ളവരാണ്. ഇ.പി.എഫ്.ഒക്ക് നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിൽ സാധാരണ പെൻഷൻ പുനഃസ്ഥാപിക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.