പാലക്കാട്: റേഷൻകടകളിലൂടെ ഗുണനിലവാരം കുറഞ്ഞ അരി വിതരണം നടത്തുന്നെന്ന പരാതി വ്യാപകമായതോടെ സപ്ലൈകോ സംഭരിക്കുന്ന അരിയുടെ ഗുണനിലവാരം കേന്ദ്രസർക്കാർ പരിശോധിക്കുന്നു.
കേന്ദ്ര ഭക്ഷ്യ-പൊതു വിതരണ വകുപ്പിന്റെ ഹൈദരാബാദിലെ ഇന്ത്യൻ ഗ്രെയിൻ സ്റ്റോറേജ് മാനേജ്മെൻറ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ജി.എം.ആർ.ഐ), പുണെ ക്വാളിറ്റി കൺട്രോൾ സെൽ എന്നിവിടങ്ങളിലെ ടെക്നിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് പരിശോധന. ജനുവരി അഞ്ചിന് ആരംഭിച്ച പരിശോധന 15ന് അവസാനിക്കും. റേഷൻകടകൾ, എൻ.എഫ്.എസ്.എ ഗോഡൗണുകൾ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്. കേന്ദ്രസർക്കാറിന്റെ വികേന്ദ്രികൃത സംഭരണ നയത്തിന്റെ ഭാഗമായി ഗുണനിലവാരം ഉറപ്പുവരുത്താനാണിത്. വികേന്ദ്രികൃത സംഭരണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്ത ധാന്യങ്ങളാണ് സംഭരിക്കുന്നത്. കേരളത്തിൽനിന്ന് സംഭരിക്കുന്നത് അരിയാണ്. സംസ്ഥാന സർക്കാറിന്റെ നെല്ലുസംഭരണ ഏജൻസിയായ സപ്ലൈകോ മുഖേനയാണ് കർഷകരിൽനിന്ന് താങ്ങുവില നൽകി നെല്ല് സംഭരിക്കുന്നത്. എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ സംഭരിക്കുന്ന ഈ അരിയാണ് കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് കൈമാറുന്നത്. കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് അരിയാക്കി സപ്ലൈകോക്ക് നൽകുന്നത് വിവിധ സ്വകാര്യ മില്ലുകളാണ്. സി.എം.ആർ മട്ട എന്ന പേരിൽ റേഷൻകടകളിലൂടെ വിതരണം നടത്തുന്ന അരിയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപക പരാതികളാണുള്ളത്. ഇതുകൂടി പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഏജൻസികളുടെ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.