നാടക് (നെറ്റ്വർക് ഓഫ് ആർട്ടിക് തിയറ്റർ ആക്ടിവിസ്റ്റ് കേരള) രണ്ടാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം ടാഗോർ തിയറ്ററിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് ഉദ്ഘാടനം ചെയ്യുന്നു

പിൻവാതിലിലൂടെ പൗരത്വനിയമം നടപ്പാക്കാൻ ഊർജിത ശ്രമം -ടീസ്റ്റ സെറ്റൽവാദ്

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിന്‍റെ (സി.എ.എ) ഭരണഘടനസാധുത സംബന്ധിച്ച പരിശോധന സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും പിൻവാതിലിലൂടെ ഇവ നടപ്പാക്കാനുള്ള ഊർജിത ശ്രമം നടക്കുന്നെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്.

നിലവിലെ കേന്ദ്രസർക്കാർ നീക്കങ്ങളിൽനിന്ന് മനസ്സിലാവുന്നത് സി.എ.എയും എൻ.ആർ.സിയും നടപ്പാക്കാൻ തീരുമാനിച്ചെന്നാണ്. സി.എ.എയിലൂടെ രാഷ്ട്രീയമായി ലക്ഷ്യമിടുന്നത് മുസ്ലിംകളെയാണെങ്കിലും ഇത് എല്ലാ മത-ജാതി വിഭാഗങ്ങളെയും ബാധിക്കുമെന്നതാണ് അസമിലെ കാഴ്ചകൾ തെളിയിക്കുന്നതെന്നും അവർ പറഞ്ഞു. കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനായ നാടക് (നെറ്റ്വർക് ഓഫ് ആർട്ടിക് തിയറ്റർ ആക്ടിവിസ്റ്റ് കേരള) രണ്ടാം സംസ്ഥാന സമ്മേളനം ടാഗോർ തിയറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീസ്റ്റ.

 നാടക് (നെറ്റ്വർക് ഓഫ് ആർട്ടിക് തിയറ്റർ ആക്ടിവിസ്റ്റ് കേരള) രണ്ടാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം ടാഗോർ തിയറ്ററിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് ഉദ്ഘാടനം ചെയ്യുന്നു

അസമിലെ അനുഭവസാക്ഷ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. പൗരത്വപട്ടിക തയാറാക്കാൻ ഉദ്യോഗസ്ഥ വിഭാഗത്തിന് അനധികൃതമായി ഭരണഘടനാ അധികാരങ്ങൾ നൽകാനാണ് ശ്രമം. നിലവിലെ രാജ്യത്ത് ആരും സുരക്ഷിതരല്ല. ഇപ്പോൾ തങ്ങൾ സുരക്ഷിതരാണെന്ന് അവകാശപ്പെടുന്നവരുടെ 'സുരക്ഷിതത്വം' താൽക്കാലികം മാത്രം.

ആളുകളെ വിഭജിക്കുകയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയുമാണ് ഇവരുടെ രീതി. ഒരു വിഭാഗത്തെ ആക്രമിക്കുമ്പോൾ മറ്റ് വിഭാഗങ്ങളെ ഒഴിവാക്കും. തങ്ങൾ സുരക്ഷിതരാണെന്ന മിഥ്യാബോധത്തിൽ കഴിയുന്ന ഓരോ വിഭാഗങ്ങളെയും ഘട്ടംഘട്ടമായി കൈകാര്യം ചെയ്യാനാണ് ലക്ഷ്യം. ചർച്ചയും സംവാദങ്ങളുമെന്ന ജനാധിപത്യത്തിന്‍റെ അടിസ്ഥാനങ്ങളെ മറികടന്ന് നിയമങ്ങൾ പാസാക്കുന്നു.

ഈ സാഹചര്യത്തിൽ സംവാദങ്ങളെ പ്രോത്സാഹിപ്പിക്കൽ അനിവാര്യമാണ്. ഭരണഘടനക്ക് മുകളിലല്ല തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ. മറ്റൊരു ഭാഗത്ത് സർക്കാർ തങ്ങളുടെ ജനത്തിനെതിരെതന്നെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. തൊഴിലാളികളെയാണ് ആദ്യം കൈവെച്ചത്. വർഷങ്ങളോളം സമരം ചെയ്ത് നേടിയ തൊഴിൽ അവകാശങ്ങളും നിയമങ്ങളുമെല്ലാം നിഷ്കരുണം ഇല്ലാതാക്കുകയാണ്.

സർക്കാറിന് യൂനിയനുകളോട് സംസാരിക്കാൻ താൽപര്യമില്ല. ആദിവാസി ഭൂനിയമത്തിന്‍റെ കാര്യവും വ്യത്യസ്തമല്ലെന്നും അവർ പറഞ്ഞു. നാഷനൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ കീർത്തി ജെയിൻ, ജെ. ശൈലജ, ഡി. രഘൂത്തമൻ എന്നിവർ പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.

Tags:    
News Summary - Central govt trying to implement CAA through back door - Teesta Setalvad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.