കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടേത് ഗുരുതര വീഴ്ച; അപേക്ഷ നീളുന്നത് ചരിത്രത്തിലാദ്യം

കരിപ്പൂർ: ഹജ്ജ് നയം തയാറാക്കുന്നതിലെ കാലതാമസം കാരണം ഈ വർഷത്തെ അപേക്ഷ സമർപ്പിക്കുന്നത് നീളുന്നു. ജനുവരി ഒന്നിന് അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു ഒടുവിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാന്‍റെ പ്രഖ്യാപനം. ഒരാഴ്ച പിന്നിട്ടിട്ടും നടപടി തുടങ്ങിയിട്ടില്ല. സൗദിയിൽ ഹജ്ജിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ചരിത്രത്തിലാദ്യമായാണ് അപേക്ഷ സ്വീകരിക്കുന്നത് ഇത്ര നീളുന്നത്.

നയം തയാറാക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ് നടപടി വൈകാൻ ഇടയാക്കിയത്. 2018-2022 കാലയളവിൽ നയം തയാറാക്കുന്നതിന് ഒരു വർഷം മുമ്പേ നടപടികൾ ആരംഭിച്ച കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇക്കുറി മാസങ്ങൾക്ക് മുമ്പാണ് തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് കരട് നയം തയാറായത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അംഗീകാരം നൽകിയ ശേഷം മാത്രമേ അന്തിമമായി പ്രസിദ്ധീകരിക്കൂ.

എല്ലാം ഓൺലൈനാണെന്നും അപേക്ഷ സ്വീകരിക്കാൻ കാലതാമസം എടുത്താലും പ്രശ്നമില്ലെന്നുമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വാദം. കഴിഞ്ഞ തവണ 40 ദിവസംകൊണ്ട് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചു. എന്നാൽ, 2022ലെ ഹജ്ജിന് 2021 നവംബർ ഒന്ന് മുതൽ അപേക്ഷ സ്വീകരിച്ചിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ അപേക്ഷകർ കുറഞ്ഞതിനാലാണ് ജനുവരി 31 വരെ നീട്ടി നൽകിയത്. മുൻവർഷം ആകെ 83,140 അപേക്ഷകരാ ണുണ്ടായിരുന്നത്. ഇതിൽ 56,000ത്തോളം പേർക്കാണ് അവസരം ലഭിച്ചത്. ഈ വർഷം അപേക്ഷകരുടെ എണ്ണം വർധിക്കും.

2019ൽ 2.67 ലക്ഷവും 2018ൽ 3.55 ലക്ഷം അപേക്ഷകരുമുണ്ടായിരുന്നു. 1.25 ലക്ഷം തീർഥാടകർ ഈ വർഷങ്ങളിൽ കേന്ദ്ര കമ്മിറ്റി മുഖേന ഹജ്ജിന് പോയി. ഇക്കുറി ഇന്ത്യയുടെ ക്വോട്ട രണ്ട് ലക്ഷമായേക്കുമെന്നാണ് ചെയർമാൻ വ്യക്തമാക്കിയത്. സ്വകാര്യ ക്വോട്ട കിഴിച്ചാൽ ഒന്നര ലക്ഷത്തോളം പേർക്ക് അവസരം ലഭിക്കും. 

ഒ​രു​ക്ക​ത്തെ ബാ​ധി​ക്കും

ഹജ്ജ് അപേക്ഷ ഓൺലൈനായി സ്വീകരിച്ചാലും തുടർനടപടികളിൽ കാലതാമസമുണ്ടായാൽ യാത്രക്കുള്ള ഒരുക്കത്തെ ബാധിക്കും. നറുക്കെടുപ്പിന് ശേഷം അവസരം ലഭിച്ചവരുടെ പാസ്പോർട്ടും മുംബൈയിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലെത്തിക്കണം.

ഇത് പരിശോധിച്ച് നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ചിട്ടുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തണം. ഇതിന് ശേഷം സൗദി മന്ത്രാലയം മുഖേന രജിസ്ട്രേഷൻ നടത്തണം. തുടർന്ന് ഓരോ പാസ്പോർട്ടും സ്കാൻ ചെയ്ത് സമർപ്പിക്കണം. ഇതിന് ശേഷമാണ് വിസ സ്റ്റാമ്പിങ് ആരംഭിക്കുക.

ചില പാസ്പോർട്ടുകളുടേത് സൗദി നിരസിച്ചാൽ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കി വീണ്ടും സമർപ്പിക്കണം. ഇതിനെല്ലാം സമയം എടുക്കും. അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയവർക്ക് പകരക്കാരെ കണ്ടെത്തണം. ഇതിനിടെ, പരിശീലന ക്ലാസുകളും കുത്തിവെപ്പ് ഉൾപ്പെടെ നൽകേണ്ടതുണ്ട്. കൂടാതെ, വിമാന കമ്പനികളുടെ ടെൻഡർ വിളിക്കേണ്ടതുമുണ്ട്.

Tags:    
News Summary - Central Hajj Committee's serious failure; This is the first time in history that the application is extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.