കൊച്ചി: മധ്യകേരളത്തിെൻറ ഫലം തെളിയിക്കുന്നത് രണ്ട് നിർണായക ഘടകങ്ങളുടെ സ്വാധീനം. ക്രൈസ്തവ വോട്ടുകളും ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശനവും. കോട്ടയം ജില്ലയിൽ എൽ.ഡി.എഫിനെ തുണച്ചത് ജോസ് കെ. മാണിയുടെ വരവാണ്. പാലാ, ചങ്ങനാശ്ശേരി നഗരസഭകളിൽ അത് പ്രതിഫലിച്ചു. കെ.എം. മാണിക്കെതിരായ പരിഹാസവും അവരുടെ സീറ്റുകൾ പിടിച്ചെടുക്കാനുള്ള ശ്രമവും യു.ഡി.എഫിന് തിരിച്ചടിയായി.
ചില സാമുദായിക സംഘടനകളുമായി യു.ഡി.എഫ് കൂട്ടുകെട്ടിന് ശ്രമിക്കുന്നു എന്ന സഭാ മേലധ്യക്ഷരടക്കമുള്ളവരുടെ പ്രചാരണവും സർക്കാറിെൻറ മുന്നാക്ക സംവരണ നിലപാടും കോട്ടയത്തും ഇടുക്കിയിലും ക്രൈസ്തവ വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമാക്കി.സഭാതർക്കത്തിൽ കോടതിവിധി ഉണ്ടായിട്ടും കടുത്ത നടപടിയിലേക്ക് നീങ്ങാതിരുന്ന സർക്കാറിനൊപ്പമായിരുന്നു യാക്കോബായ വിശ്വാസികളുടെ മനസ്സ്. പുറമെ ജോസിെൻറ വരവിലൂടെയും ക്രൈസ്തവ വോട്ടുബാങ്കിെൻറ നല്ലൊരു പങ്ക് ഇടതു മുന്നണിക്ക് ലഭിച്ചു. എൻ.എസ്.എസ് യു.ഡി.എഫ് അനുകൂല നിലപാടെടുത്തതും എൽ.ഡി.എഫിന് ഗുണം ചെയ്തു.
യു.ഡി.എഫിന് വളക്കൂറുള്ള ഇടുക്കിയിൽ കട്ടപ്പന, തൊടുപുഴ നഗരസഭകളിലും പഞ്ചായത്തുകളിലും മുന്നിലെത്തിയെങ്കിലും പ്രതീക്ഷിച്ച തിളക്കമില്ല. ജില്ല പഞ്ചായത്ത് നഷ്ടമാകുകയും ചെയ്തു. ഇതിെൻറ കാരണം യു.ഡി.എഫ് നേതൃത്വത്തിനും വ്യക്തമല്ല. ഇടുക്കിയിൽ കത്തിനിൽക്കുന്ന ഭൂപ്രശ്നംപോലും വോട്ടാക്കാൻ മുന്നണിക്ക് കഴിഞ്ഞില്ല. ഇവിടെ ജോസ് മുന്നണി വിട്ടത് വലിയതോതിലുള്ള ചലനം സൃഷ്ടിച്ചില്ല. അതേസമയം, കോട്ടയം പോലെതന്നെ ഇവിടെയും ക്രൈസ്തവ വോട്ടുകളുടെ ധ്രുവീകരണം പ്രകടം.
എറണാകുളത്ത് കൊച്ചി കോർപറേഷൻ ഭരണം നഷ്ടപ്പെട്ടതും മേയർ സ്ഥാനാർഥിയും ഡെപ്യൂട്ടി മേയറും തോറ്റതും യു.ഡി.എഫിന് ആഘാതമായി. ആറിലേറെ സീറ്റുകളിൽ വി ഫോർ കൊച്ചി കൂട്ടായ്മ യു.ഡി.എഫ് പ്രതീക്ഷകളെ തകിടം മറിച്ചു. പശ്ചിമ കൊച്ചിയിലെ വിമതശല്യമായിരുന്നു മറ്റൊന്ന്. നഗരസഭ ഭരണത്തിനെതിരെ ജനവികാരം ശക്തമായിരുന്നു.
നാല് പഞ്ചായത്തിൽ ഭരണം പിടിച്ച ട്വൻറി20 ഇരുമുന്നണിയെയും ഞെട്ടിച്ചു. യാക്കോബായ വിഭാഗം നിലപാട് എൽ.ഡി.എഫിന് ഗുണം ചെയ്തു. പിറവം, കോതമംഗലം നഗരസഭകളിൽ എൽ.ഡി.എഫും മൂവാറ്റുപുഴയിൽ യു.ഡി.എഫും ഭരണം പിടിച്ചത് ശ്രദ്ധേയം.തൃശൂരിൽ എൽ.ഡി.എഫ് 2015ലെ മുന്നേറ്റം ആവർത്തിച്ചു.
എന്നാൽ, ചാലക്കുടി നഗരസഭയിൽ കനത്ത പരാജയം നേരിടേണ്ടിവന്നു. ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ വിവാദത്തിെൻറ ആസ്ഥാന ജില്ലയിൽ സർക്കാറിനെതിരെ യു.ഡി.എഫ് ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന വടക്കാഞ്ചേരി മേഖലയിൽ എൽ.ഡി.എഫ് ആധിപത്യം തുടർന്നു.
കേരള കോൺഗ്രസ് എമ്മിന് ശക്തിയുള്ള ഏതാനും പോക്കറ്റുകളിൽ എൽ.ഡി.എഫിന് അത് ഗുണമായി.ആരോടും മമതയില്ലെന്ന തൃശൂർ അതിരൂപതയുടെ നിലപാട് തൃശൂർ കോർപറേഷനിൽ ചില ഡിവിഷനുകളിൽ എൽ.ഡി.എഫിന് നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.