തൃശൂർ: ഭാരവാഹനങ്ങളുടെ രജിസ്ട്രേഷന് സംസ്ഥാനത്ത് നവംബർ മുതൽ കേന്ദ്ര മോട്ടോർ വാഹന ഗുണനിലവാര മാനദണ്ഡം (എ.ഐ.എസ്) അനുസരിച്ചുള്ള സർട്ടിഫിക്കറ്റ് നിർബന്ധം.
അശാസ്ത്രീയ വാഹന പുറംചട്ട (ബോഡി ബിൽഡിങ്) നിർമാണം അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ രാജ്യത്തെ ഭാരവാഹനങ്ങൾക്ക് പൊതുവായ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള കേന്ദ്ര നിർദേശപ്രകാരമാണിത്.
ട്രക്ക്, ടിപ്പർ പോലുള്ള ചരക്ക് വാഹനങ്ങളുടെ രജിസ്ട്രേഷനാണ് നവംബർ ഒന്നുമുതൽ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഇതുസംബന്ധിച്ച മോട്ടോർ വാഹന വകുപ്പിെൻറ ഉത്തരവ് കഴിഞ്ഞ ദിവസമിറങ്ങി.
ചില്ലും പുറംചട്ടയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും മോട്ടോർ വാഹന മാനദണ്ഡവും അനുശാസിക്കുന്ന ഗുണനിലവാരത്തിൽ പണിതതാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഉടമ ഹാജരാക്കേണ്ടത്.
ബന്ധപ്പെട്ട പണിശാലയിൽനിന്ന് രേഖ ലഭ്യമായില്ലെങ്കിൽ ഒരു വർഷത്തിനകം നൽകിയാൽ മതിയെന്ന ഇളവ് മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ട്രക്ക് ബോഡി ബിൽഡിങ് തൊഴിലാളി സംഘടനകളുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തിയിരുന്നു.
നിലവിൽ ബസുകളുടെ പുറംചട്ട നിർമിക്കാൻ മാർഗരേഖയുണ്ട്. ഇതേ മാതൃകയിലാണ് ഗുഡ്സ് വാഹനങ്ങളുടെ നിർമാണത്തിന് കേന്ദ്ര നിർദേശമെത്തിയത്. ഇതിെൻറ ഭാഗമായി ട്രക്ക്, ടിപ്പർ ബോഡി നിർമാണ ശാലകൾ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിെൻറ മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കുന്നതാണെന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുകളിൽ രജിസ്ട്രേഷൻ നടത്തണം.
വാഹനം രജിസ്റ്റർ ചെയ്യുന്നയാൾ ഹാജരാക്കുന്ന ഗുണനിലവാര രേഖകളുടെ വിശ്വാസ്യത പരിശോധിക്കേണ്ട ഉത്തരവാദിത്തം മോട്ടോർ വാഹന വകുപ്പ് അധികൃതർക്കാണ്. വാഹന പുറംചട്ട നിർമാതാക്കളുടെ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കാനും നിർദേശമുണ്ട്.
ഇതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം വന്നപ്പോൾ സംസ്ഥാനത്തെ ബോഡി ബിൽഡിങ് തൊഴിലാളി സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തുവന്നിരുന്നു. തുടർന്നാണ് സർക്കാർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.