കാസർകോട്: കേന്ദ്ര സർവകലാശാല മുൻ പ്രോ. വൈസ് ചാൻസലറും നിലവിൽ വകുപ്പ് മേധാവിയുമായ ഡോ. കെ. ജയപ്രസാദിന് പ്രഫസർ പദവി നൽകിയത് പ്രമോഷൻ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന് കേന്ദ്ര ഓഡിറ്റ് റിപ്പോർട്ട്. 2022 മാർച്ച് ഒമ്പതിന് ഡയറക്ടർ ജനറൽ ഓഫ് ഓഡിറ്റ് (കേന്ദ്രം) ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര വാഴ്സിറ്റിക്ക് കൈമാറി.
ജയപ്രസാദിന്‍റെ സർവിസ് ബുക്ക്, പേഴ്സനൽ ഫയൽ, നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും സർവകലാശാലയിൽ ലഭ്യമല്ല എന്നും റിപ്പോർട്ടിലുണ്ട്. 2015 ഫെബ്രുവരി 13ന് ക്ഷണിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ നവംബർ 11നാണ് ഇന്‍റർനാഷനൽ റിലേഷൻസ് ആന്‍ഡ് പൊളിറ്റിക്സിൽ അസോസിയറ്റ് പ്രഫസറായി ജയപ്രസാദ് നിയമിതനായത്. 2015 നവംബർ ഒമ്പതിന് എയ്ഡഡ് കോളജിൽനിന്ന് വിടുതൽ നേടിയാണ് കേന്ദ്ര സർവകലാശാലയിൽ ചേർന്നത്. ചട്ടപ്രകാരം കേന്ദ്ര വാഴ്സിറ്റിയിൽ 12 മാസം പ്രബേഷൻ കാലാവധി പൂർത്തിയാക്കേണ്ടതാണ്. തുടർന്ന് ആറ്-എട്ടു മാസങ്ങൾക്കകം എക്സിക്യൂട്ടിവ് കൗൺസിൽ അദ്ദേഹത്തിന്‍റെ സ്ഥിരനിയമനം അംഗീകരിക്കണം. 2017 ഏപ്രിൽ 21ന് ചേർന്ന സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ അദ്ദേഹത്തിന്‍റെ പ്രബേഷൻ കാലാവധിയുൾപ്പെടുത്തി മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി നൽകി. ഇത് ചട്ടവിരുദ്ധമാണ്. ഇതുസംബന്ധിച്ച് ഡൽഹി ഹൈകോടതിയുടെ നിരീക്ഷണവും ഓഡിറ്റിൽ ചൂണ്ടിക്കാട്ടി.
വൈസ് ചാൻസലറായി ഡോ. വെങ്കിടേശ്വരലു ചുമതലയേറ്റ ശേഷമാണ് ജയപ്രസാദിന്‍റെ പ്രവർത്തനങ്ങൾ പരിശോധനക്ക് വിധേയമാക്കിയത്. മൊത്തം ക്രമക്കേടുകൾ നിറഞ്ഞ പ്രവർത്തനങ്ങളെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി. അദ്ദേഹം പി.വി.സി, വകുപ്പുമേധാവി എന്നീ ചുമതലകളിലായിരിക്കെ എടുത്ത പ്രതികാര നടപടിക്ക് വിധേയരായവരുടെ ശിക്ഷകൾ പിൻവലിച്ചു. അദ്ദേഹത്തിനെതിരെ പ്രധാനമന്ത്രിക്കും വനിത കമീഷനും പരാതി നൽകിയ വനിത അധ്യാപകരെ കേന്ദ്ര സർവകലാശാല പരിപാടിയിൽ ക്ഷണിക്കുകയും ജയപ്രസാദിനെ മാറ്റിനിർത്തുകയും ചെയ്തു. ജയപ്രസാദിനെതിരെ നടപടി വന്നേക്കും എന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.