പാലക്കാട്: ബി.ടെക്കിന് ചേർന്നശേഷം ഫീസടക്കാൻ നിവൃത്തിയില്ലാതെ പഠനം മതിയാക്കി പോയ വിദ്യാർഥിയുടെ എസ്.എസ്.എൽ.സിയുടെയും പ്ലസ് ടുവിന്റെയും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കുളപ്പുള്ളി അൽ-അമീൻ എൻജിനിയറിങ് കോളജ് പ്രിൻസിപ്പൽ അടിയന്തരമായി തിരികെനൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. പരാതിക്കാരൻ നിലവിലെ പ്രിൻസിപ്പലിനെ നേരിൽകണ്ട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ പിടിച്ചുവക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഉത്തരവിൽ പറയുന്നു. പരാതിക്കാരന്റെ ഭാവിയെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ പോയാൽ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു. ഫീസ് കുടിശ്ശിക ഈടാക്കാൻ നിയമപരമായ മറ്റ് മാർഗങ്ങൾ തേടണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
1,40,000 രൂപ താൻ ഫീസ് നൽകിയിട്ടുണ്ടെന്ന് പരാതിക്കാരനായ തൃശൂർ മായന്നൂർ തെരുവ് മൂത്തേടത്ത്പടിയിൽ മനുരാജ് പരാതിയിൽ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതിനാൽ തനിക്ക് ജോലിക്ക് അപേക്ഷിക്കാൻ കഴിയുന്നില്ലെന്നും പരാതിക്കാരൻ അറിയിച്ചു. എന്നാൽ പരാതിക്കാരന് 1,19,375 രൂപ കുടിശ്ശികയുണ്ടെന്ന് അൽ-അമീൻ എൻജിനിയറിങ് കോളജ് പ്രിൻസിപ്പൽ കമീഷനെ അറിയിച്ചു. സ്ഥാപനത്തിൽനിന്ന് പോയശേഷം പരാതിക്കാരൻ കുടിശ്ശിക അക്കാനോ സർട്ടിഫിക്കറ്റ് തിരികെ വാങ്ങാനോ ശ്രമിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.