കോഴിക്കോട്: ഹൈദരാബാദിലെ നാഷനല്‍ പൊലീസ് അക്കാദമിയില്‍ നിന്ന് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഐ.പി.എസ് ബാച്ചില്‍ ഒരു കോഴിക്കോട്ടുകാരി. ഐ.പി.എസ് പരീക്ഷയില്‍ 111ാം റാങ്ക് നേടി നാടിന്‍െറ അഭിമാനം വാനോളമുയര്‍ത്തിയ ചൈത്ര തെരേസ ജോണ്‍. പരിശീലനത്തിനിടയില്‍ മികച്ച വനിത ഓള്‍റൗണ്ട് പ്രബേഷനര്‍, മികച്ച വനിത ഒൗട്ട്ഡോര്‍ പ്രബേഷനര്‍ എന്നീ അംഗീകാരങ്ങളും കൈപ്പിടിയിലാക്കിയാണ് ഐ.പി.എസിലെ പുതിയ കോഴിക്കോടന്‍ നക്ഷത്രം അക്കാദമിയുടെ പടിയിറങ്ങിയത്.
2012ല്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വിസില്‍ പ്രവേശം നേടിയ ഈ മിടുക്കി കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വിസ് പരീക്ഷയിലാണ് ദേശീയതലത്തില്‍ 111ാമതെത്തിയത്. അഞ്ചാം തവണയാണ് പരീക്ഷയെഴുതുന്നത്, മൂന്നുതവണ ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തു. ഈസ്റ്റ്ഹില്ലിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ നിന്ന് ബിരുദവും, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും ഉയര്‍ന്ന മാര്‍ക്കോടെ നേടി.
മുംബൈ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ടില്‍ ചീഫ് കമീഷണറായ പിതാവ് ഡോ. ജോണ്‍ ജോസഫിനും കോഴിക്കോട് മൃഗസംരക്ഷണ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ അമ്മ ഡോ. മേരിക്കും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോപീഡിക്സില്‍ എം.ഡി ചെയ്യുന്ന സഹോദരന്‍ ജോര്‍ജ് അലന്‍ ജോണിനുമാണ് ചൈത്ര തന്‍െറ വിജയം സമര്‍പ്പിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കി ഡിസംബറോടെ കേരള കേഡറില്‍ ചേരാനൊരുങ്ങുകയാണ് ചൈത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.