തിരുവനന്തപുരം: കാൽപന്തുകളിയുടെ ഈറ്റില്ലമായിരുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തെ 33 വർഷത്തെ ഇടവേളക്കുശേഷം ഫുട്ബാൾ ആരവങ്ങളിലേക്കും ആഘോഷങ്ങളിലേക്കും തിരികെ കൊണ്ടുവന്ന് സൂപ്പർ ലീഗ് കേരള. നഷ്ടപ്രതാപത്തിന്റെ ഓർമകളിൽനിന്ന് ചന്ദ്രശേഖരൻ നായർ പുൽമൈതാനത്തെ തിരുവനന്തപുരം കൊമ്പന്മാരും തൃശൂർ മാജിക് എഫ്.സിയും ചേർന്ന് തീപിടിപ്പിച്ചപ്പോൾ തിരുവോണത്തിന്റെ ആലസ്യം ഗാലറിയിൽ ആറാടി തീർക്കുകയായിരുന്നു ഫുട്ബാൾ ആരാധകർ.സന്തോഷ് ട്രോഫിക്കും ദേശീയ ഗെയിംസ് ഫുട്ബാൾ മത്സരങ്ങൾക്കും ജി.വി. രാജ, നെഹ്റു കപ്പ് അടക്കം അറിയപ്പെടുന്ന ടൂർണമെന്റുകൾക്കും വേദിയായിട്ടുള്ള സ്റ്റേഡിയത്തിന് 33 വർഷമായി ഫുട്ബാൾ ഇരുളടഞ്ഞ അധ്യായമായിരുന്നു.1991ലെ നെഹ്റുകപ്പിന് ശേഷം സുപ്രധാനമായ ഒരു ടൂർണമെന്റുപോലും സ്റ്റേഡിയത്തിലേക്ക് വന്നില്ല.
2015ൽ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സ്റ്റേഡിയം നവീകരിച്ചെങ്കിലും ഫുട്ബാൾ മാത്രം അകറ്റിനിർത്തപ്പെട്ടു. ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് വന്നെങ്കിലും അന്നും പരിശീലന മത്സരങ്ങൾക്കായി തെരഞ്ഞെടുത്തത് ഗ്രീൻഫീൽഡിനെയായിരുന്നു. ഒടുവിൽ കാര്യവട്ടത്തെ പച്ചപ്പാടം ക്രിക്കറ്റിന് മാത്രമാക്കി നീക്കിവെച്ചതോടെ ഫുട്ബാൾ കൊച്ചിയും മലപ്പുറവും കോഴിക്കോടും കേന്ദ്രീകരിച്ച് മാത്രമായി. പൊലീസിന്റെ നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കി ഫുട്ബാൾ മൈതാനം നവീകരിച്ചതോടെ തലസ്ഥാനത്തും കൊമ്പന്മാരിലൂടെ തലയെടുപ്പുള്ള ഫുട്ബാൾ ഗ്രൗണ്ട് രൂപപ്പെട്ടു.
‘ഇനിയാണ് കളി, ഇതാണ് കളി’ എന്ന മുദ്രാവാക്യവുമായി തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതൽ ആയിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഓണത്തിന്റെ ആവേശം ചോരാതെ ചെണ്ട, ബാൻഡ് മേളവുമായി അനന്തപുരിയുടെ മണ്ണിലെ കൊമ്പന്മാരുടെ ആദ്യ കളിമേളത്തിനായി അവർ കാത്തിരിക്കുന്നു. കൊമ്പന്മാർ മഞ്ഞ ജേഴ്സിയിൽ ഇറങ്ങുന്നത് കാണാൻ ഫുട്ബാൾ പ്രേമികൾ ആർത്തിരമ്പി. എന്നാൽ, ആദ്യ ഹോം മാച്ചിനിറങ്ങിയ കൊമ്പന്മാരാകട്ടെ നീല ജേഴ്സിയിലായിരുന്നു. തങ്ങളുടെ പ്രിയ താരങ്ങൾക്കുള്ള പിന്തുണ തലസ്ഥാനത്തെ ഫുട്ബാൾ പ്രേമികൾ കുറച്ചില്ല. ഓറഞ്ച് ജേഴ്സിയിലായിരുന്നു മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും മലയാളിയുമായ സി.കെ. വിനീതിന്റെ നേതൃത്വത്തിലുള്ള തൃശൂർ പട ഇറങ്ങിയത്. ജില്ല ഫുട്ബാൾ അസോസിയേഷൻ മുൻ പ്രസിഡന്റും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയും ആന്റണി രാജു എം.എൽ.എയും ചേർന്ന് താരങ്ങളെ പരിചയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.