കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് 28 ലക്ഷത്തിന്‍റെ ആസ്തിയെന്ന് റിപ്പോർട്ട്. വീടും ഭൂമിയും അടക്കമുള്ളവയാണ് 28 ലക്ഷത്തിന്‍റെ ആസ്തി. 12,72,000 രൂപയുടെ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
നാമനിർദേശ പത്രികക്കൊപ്പം വരണാധികാരിക്ക് കൈമാറിയ സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളുള്ളത്. നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ഇന്ന് പാമ്പാടി ബി.ഡി.ഒ ഓഫിസിലെത്തിയാണ് ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചത്.
ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി മുൻ സി.പി.എം പ്രവർത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് നൽകിയത്. നാല് സെറ്റ് പത്രികയാണ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ സമർപ്പിച്ചത്.
നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ സഹോദരി അച്ചു ഉമ്മൻ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഫിൽസൺ മാത്യു, നാട്ടകം സുരേഷ് എന്നിവരും ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു.
പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ നാമനിർദേശ പത്രികയിലെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നിരുന്നു. വീടും സ്ഥലവും ദേശീയ പാതയോരത്തെ കടമുറികളും തന്‍റെയും ഭാര്യയുടെയും ബാങ്ക് ബാലൻസുമൊക്കെയായി 2,07,98,117 രൂപയാണ് ജെയ്ക്കിന് സമ്പാദ്യമായിട്ടുള്ളത്. ഇതിൽ 2,00,69,101 രൂപ ഭൂസ്വത്താണ്.
ഇതിൽ പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. ബാധ്യതയായി ജെയ്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.