കോട്ടയം: മറഞ്ഞിട്ടും കുഞ്ഞൂഞ്ഞ് കഥകൾ അവസാനിക്കുന്നില്ല. ജില്ലയിലെ മന്ത്രിയും എം.എൽ.എമാരും ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ ഒത്തുചേർന്നപ്പോൾ നിറഞ്ഞത് ഇതുവരെ പറയാത്ത കഥകൾ. ഉമ്മൻ ചാണ്ടിയുടെ എതിർ സ്ഥാനാർഥിയായിരുന്ന വി.എൻ. വാസവനുവേണ്ടി മുദ്രാവാക്യം വിളിച്ച കാര്യം ചാണ്ടി ഉമ്മൻ ഓർത്തെടുത്തപ്പോൾ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ബാലപാഠം പഠിച്ചത് ഉമ്മൻ ചാണ്ടിയിൽ നിന്നായിരുന്നുവെന്ന് മന്ത്രി വാസവന്റെ സാക്ഷ്യപ്പെടുത്തൽ. കോട്ടയം പ്രസ്ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി സ്മരണാഞ്ജലിയിലാണ് ജില്ലയിലെ എം.എൽ.എമാർ ഒത്തുചേർന്നത്. ഇവർക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫ് അംഗങ്ങളും മകൻ ചാണ്ടി ഉമ്മനും പങ്കെടുത്തു.
1980ൽ പള്ളിക്കത്തോട്ടിൽ എൽ.ഡി.എഫ് ഘടകം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഉമ്മൻ ചാണ്ടിയെ പരിചയപ്പെട്ടതെന്ന് മന്ത്രി വാസവൻ പറഞ്ഞു. അന്ന് എൽ.ഡി.എഫിനൊപ്പമായിരുന്ന ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കെടുത്ത ഓർമകളും മന്ത്രി പങ്കുവെച്ചു. തെരഞ്ഞെടുപ്പിന്റെ ബാലപാഠം ഉമ്മൻ ചാണ്ടിയിൽനിന്നാണ് പഠിച്ചത്. കോൺഗ്രസ് രാഷ്ട്രീയം വളർത്തുന്നതിൽ വലിയ സംഭാവന നൽകിയ അദ്ദേഹം കോൺഗ്രസിലെ സൗമ്യസാന്നിധ്യവുമായിരുന്നു. ഡി.വൈ.എഫ്.ഐ കാലത്ത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ തടഞ്ഞതും വാസവൻ ഓർത്തെടുത്തു.
പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പ്രവർത്തകർക്ക് അടിയേറ്റു. എന്നാൽ, ഇതിനുപിന്നാലെ യോഗം വേണ്ടെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി മടങ്ങി. അദ്ദേഹത്തിന്റെ മാന്യതയുടെ ഉദാഹരണമായിരുന്നു ആ സംഭവം. എതിർപ്പുകൾ വ്യക്തിപരമായിരുന്നില്ല; ആശയപരമായിട്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. അപ്പയോട് പിണങ്ങി 1991ൽ വി.എൻ. വാസവൻ സിന്ദാബാദ്, എൽ.ഡി.എഫ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയതായിരുന്നു മന്ത്രിയുടെ സാന്നിധ്യത്തിൽ ചാണ്ടി ഉമ്മൻ ഓർത്തെടുത്തത്. ഉമ്മൻ ചാണ്ടിക്കെതിരെ വി.എൻ. വാസവൻ മത്സരിച്ചപ്പോഴായിരുന്നു സംഭവം. ഏറെ പ്രായമില്ലാതിരുന്ന താൻ എന്തോ ചെറിയ കാര്യത്തിൽ പിതാവിനോട് പിണങ്ങിയാണ് വീടിന്റെ കിണറിനടുത്തുപോയി മുദ്രാവാക്യം വിളിച്ചത്. ഇത് കേട്ട് അന്ന് ചിരിയോടെ നിൽക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ആരെയെങ്കിലും കുറ്റം പറയുന്നതോ പരാതി പറയുന്നതോ കേട്ടിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. സ്കൂൾ കാലഘട്ടം മുതലുള്ള ബന്ധം ഓർത്തെടുത്ത തിരുവഞ്ചൂർ, തന്നെ ഏറെ വിശ്വസിച്ചിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് വ്യക്തമാക്കി. 2004ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ആദ്യം രണ്ടു വകുപ്പാണ് ഏൽപിച്ചത്.
പിന്നീട് മൂന്ന് വകുപ്പുകൂടി തന്നു. ഇതിൽ വിജിലൻസും ഉണ്ടായിരുന്നുവെന്നത് അദ്ദേഹം തന്നെ എത്രമാത്രം വിശ്വസിച്ചിരുന്നുവെന്നതിന് തെളിവാണ്. ഉമ്മൻ ചാണ്ടിയോട് അസൂയ തോന്നിയിട്ടില്ല. ഉമ്മൻ ചാണ്ടി വളരുന്നതിനൊപ്പം താനും വളരുകയായിരുന്നു- അദ്ദേഹം പറഞ്ഞു.
ഏഴാം വയസ്സിൽ ഉമ്മൻ ചാണ്ടിയെ കണ്ട കഥയായിരുന്നു മാണി സി. കാപ്പൻ എം.എൽ.എ പങ്കിട്ടത്. തന്റെ പിതാവിനെ കാണാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. തന്റെ മുന്നണിമാറ്റത്തിന് രമേശ് ചെന്നിത്തലക്കൊപ്പം ഉമ്മൻ ചാണ്ടിയും സമ്മർദം ചെലുത്തിയിരുന്നുവെന്നും കാപ്പൻ പറഞ്ഞു.
ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച ഘട്ടത്തിൽ തനിക്കായി വീടുകയറി വോട്ടുപിടിച്ചതിന്റെ ഓർമകൾ ചീഫ് വിപ്പ് എൻ. ജയരാജ് പങ്കിട്ടു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റായിരിക്കെ ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടക്കവെ, ഉമ്മൻ ചാണ്ടി കാണാനെത്തിയതായിരുന്നു ജോബ് മൈക്കിൾ എം.എൽ.എ ഓർത്തെടുത്തത്. ജനപ്രതിനിധിയെന്ന നിലയിലുള്ള ഏറ്റവും മികച്ച മാതൃകയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. ഏറ്റെടുക്കുന്ന ചുമതലയോട് നീതി പുലർത്തിയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പാവപ്പെട്ടവരെ മനസ്സോടെ സഹായിച്ചതായിരുന്നു ഉമ്മൻ ചാണ്ടിയുടെ മഹത്വമെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.