തിരുവനന്തപുരം: കോൺഗ്രസ് മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്റെ ഒറ്റയാൾ പ്രതിഷേധം. തിരുവനന്തപുരം, ജഗതിയിലെ പുതുപ്പള്ളി ഹൗസിന് സമീപമാണ് കറുത്ത ഷർട്ടും കറുത്ത മുണ്ടും ധരിച്ച് ചാണ്ടി ഉമ്മന്‍ പ്രതിഷേധിച്ചത്.
നേമം മണ്ഡലത്തിലെ നവകേരളസദസ്സ് നടന്ന പൂജപ്പുര മണ്ഡപത്തിലേക്ക് മുഖ്യമന്ത്രി കടന്നുപോയ വഴിയിൽ കസേരയിട്ട് ചാണ്ടി ഉമ്മൻ പ്രതിഷേധം തുടർന്നു. ചാണ്ടി ഉമ്മന്‍റെ പ്രതിഷേധം അറിഞ്ഞ് ഡി.വൈ.എഫ്.ഐക്കാരും സ്ഥലത്ത് തടിച്ചുകൂടി.
ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തു. മുഖ്യമന്ത്രിയുടെ അവസാന അകമ്പടി വാഹനവും കടന്നുപോകും വരെ പ്രതിഷേധിച്ചാണ് ചാണ്ടി ഉമ്മൻ എഴുന്നേറ്റ് മടങ്ങിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോൾ ചാണ്ടി ഉമ്മന് സമീപം പൊലീസ് വലയംതീർത്തു.
ഡി.ജി.പി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന്റെ വേദിക്കരികെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെതിരായ പ്രതിഷേധമാണിതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്നാൽ, കരിങ്കൊടി കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം അമ്പലത്തറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ ആർ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.