കേരളത്തിന്റെ തീര നിയന്ത്രണ മേഖലകളിൽ മാറ്റം; സി.ആർ.ഇസഡ്-3ൽനിന്ന് സി.ആർ.ഇസഡ്-2ലേക്ക് മാറും

ന്യൂഡൽഹി: കേരളത്തിലെ 66 ഗ്രാമപഞ്ചായത്തുകളെ തീരനിയന്ത്രണ മേഖല മൂന്നിൽ (സി.ആർ.ഇസഡ്-3) നിന്ന് സി.ആർ.ഇസഡ്-2ലേക്ക് മാറ്റാൻ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ തീരദേശ പരിപാലന അതോറിറ്റി യോഗം അംഗീകാരം നൽകി. സി.ആർ.ഇസഡ്-3 എ വിഭാഗത്തിൽപെടുന്ന പ്രദേശങ്ങളിൽ കടലിന്റെ വേലിയേറ്റ രേഖയിൽനിന്ന് കരഭാഗത്തേക്ക് 200 മീറ്റർ വരെയുണ്ടായിരുന്ന വികസനരഹിത മേഖല 50 മീറ്റർ വരെയായി കുറച്ചു. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കേരളം തയാറാക്കിയ ഇതടക്കമുള്ള തീരദേശ പരിപാലന പ്ലാൻ അതോറിറ്റി അംഗീകരിച്ചു.

സി.ആർ.ഇസഡ്-3ൽനിന്ന് സി.ആർ.ഇസഡ്-2ലേക്ക് മാറ്റുന്ന പ്രദേശങ്ങളിൽ അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ അറ്റോമിക് മിനറൽ ശേഖരമുള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ സി.ആർ.ഇസഡ്-3ലെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേരള സർക്കാറിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ് അറിയിച്ചു.

2011ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉളള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് ‘സി.ആർ.ഇസഡ്-3 എ’ എന്ന വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സി.ആർ.ഇസഡ്-3 ബി വിഭാഗത്തിലും ഉൾപ്പെടുത്തും. സി.ആർ.ഇസഡ്-3 എ പ്രകാരം കടലിന്റെ വേലിയേറ്റ രേഖയിൽനിന്ന് കരഭാഗത്തേക്ക് 50 മീറ്റർ വരെയാകും വികസനരഹിത മേഖല. മുമ്പ് ഇത് 200 മീറ്റർ വരെയായിരുന്നു. എന്നാൽ, സി.ആർ.ഇസഡ്-3 ബിയിൽ കടലിന്റെ വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ വരെ വികസനരഹിത മേഖലയായി തുടരും.

സി.ആർ.ഇസഡ് -3 വിഭാഗത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽനിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്റർ വരെയായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്റർ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല.

1991ന് മുമ്പ് നിർമിച്ച ബണ്ടുകൾ/ക്ലൂയിസ് ഗേറ്റുകൾ നിലവിലുണ്ടെങ്കിൽ വേലിയേറ്റ രേഖ പ്രസ്തുത ബണ്ടുകൾ/ക്ലൂയിസ് ഗേറ്റുകളിൽ നിജപ്പെടുത്തിയാണ് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നൽകിയത്. 2019 സി.ആർ.ഇസഡ് വിജ്ഞാപന പ്രകാരം 1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്ക് ചുറ്റും മാത്രമാണ് 50 മീറ്റർ ബഫർസോൺ നിയന്ത്രണമുണ്ടാകുക. തീരദേശ പരിപാലന പ്ലാനിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള കണ്ടൽക്കാടുകൾക്ക് ചുറ്റുമുള്ള ബഫർ സോൺ നീക്കണമെന്ന തീരദേശ പരിപാലന പ്ലാനിലെ നിർദേശത്തിനും അതോറിറ്റി അംഗീകാരം നൽകിയെന്ന് കെ.വി. തോമസ് അറിയിച്ചു.

Tags:    
News Summary - Change in coastal control areas of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.