തൃശൂർ: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റം കൺമുന്നിലെ യാഥാർഥ്യമാണെന്നും അത് ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 90 സ്‌കൂളുകളെ മികവിെൻറ കേന്ദ്രങ്ങളാക്കുന്നതിെൻറ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാട്ടിൽ മുമ്പ് ചർച്ച ചെയ്തിരുന്നത് പൊതുവിദ്യാലയങ്ങൾ അടഞ്ഞുപോകുന്നതിനെ കുറിച്ചായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് അഞ്ച് ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നു. ഇതാണ് മാറ്റം. നമ്മുടെ നാട് പൊതുവിദ്യാഭ്യാസത്തെ എങ്ങിനെ കാണുന്നുവെന്നതിെൻറ നിദർശനമാണിത്. വിദ്യാലയം നാടിെൻറ പൊതുസ്വത്താണ്. അതിനെ മെച്ചപ്പെടുത്തുന്നത് മറ്റേതൊരു പ്രവൃത്തിയേക്കാളും മഹത്തരമാണ്.
ലോകനിലവാരത്തിലേക്ക് നമ്മുടെ സ്‌കൂളുകളെ ഉയർത്തുകയാണ്. സാങ്കേതിക സൗകര്യം അടക്കം പശ്ചാത്തല സൗകര്യം ഒരുക്കുകയാണ്. ഓൺലൈൻ വിദ്യാഭ്യാസം കൃത്യമായി നാടിെൻറ സഹകരണത്തോടെ നടപ്പാക്കാൻ കഴിഞ്ഞു. സ്‌കൂളുകളിൽ കാലാനുസൃതമായ മാറ്റം വന്നുകൊണ്ടേയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി വിവിധ ജില്ലകളിൽ കിഫ്ബി ഫണ്ടിൽനിന്ന് അഞ്ച് കോടി രൂപ ചെലവിൽ നിർമിച്ച നാല് കെട്ടിടങ്ങൾ, മൂന്ന് കോടി ചെലവിൽ നിർമിച്ച 20 കെട്ടിടങ്ങൾ, പ്ലാൻ ഫണ്ടിൽനിന്ന് നിർമിച്ച 62 കെട്ടിടങ്ങൾ, നബാർഡ് സഹായത്തോടെ നിർമിച്ച നാല് കെട്ടിടങ്ങൾ എന്നിവയടക്കം 90 കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
തൃശൂർ ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ 11 സ്‌കൂളുകളാണ് മികവിെൻറ കേന്ദ്രങ്ങളായി മാറിയത്. ജി.എച്ച്.എസ്.എസ് പഴഞ്ഞി, ജി.എച്ച്.എസ്.എസ് എരുമപ്പെട്ടി, ജി.എൽ.പി.എസ് എരുമപ്പെട്ടി, ജി.എച്ച്.എസ്.എസ് കടവല്ലൂർ, ജി.എച്ച്.എസ്.എസ് വടക്കാഞ്ചേരി, ജി.യു.പി.എസ് ചെറായി, ജി.യു.പി.എസ് പുത്തൻചിറ, ജി.എൽ.പി.എസ് കുറ്റിച്ചിറ, ജി.എൽ.പി.എസ് പുത്തൂർ, ജി.എഫ്.എച്ച്.എസ്.എസ് നാട്ടിക, ജി.എച്ച്.എസ്.എസ് വരവൂർ എന്നിവയാണിവ. ഇതിൽ മൂന്ന് കോടി കിഫ്ബി പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച അഞ്ചും പ്ലാൻ ഫണ്ടിൽ ഒരു കോടി നൽകി നിർമാണം പൂർത്തീകരിച്ച ആറും സ്‌കൂൾ കെട്ടിടങ്ങളാണുള്ളത്.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ, എ.കെ. ബാലൻ, എ.സി. മൊയ്തീൻ, കെ. രാജു, പി. തിലോത്തമൻ, എ.കെ. ശശീന്ദ്രൻ, ഡോ. കെ.ടി. ജലീൽ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു.
തൃശൂർ ജില്ലയിലെ സ്‌കൂളുകളിൽ നടന്ന പരിപാടികളിൽ ഗവ. ചീഫ് വിപ്പ് കെ. രാജൻ, എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, ബി.ഡി. ദേവസ്സി, വി.ആർ. സുനിൽകുമാർ, ഗീത ഗോപി, യു.ആർ. പ്രദീപ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.