തിരൂരങ്ങാടി: ഹോട്ടലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് നൽകിയ ഗൂഗ്ൾപേ നമ്പറിലേക്ക് പണം അയച്ച പൊതുപ്രവർത്തകക്ക് 30,000ത്തിലധികം രൂപ നഷ്ടപ്പെട്ടു. പതിനാറുങ്ങൽ സ്വദേശിനിക്കാണ് തുക നഷ്ടപ്പെട്ടത്.
കൊച്ചിയിൽ നടക്കുന്ന വനിത പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് 14 പേർക്ക് താമസിക്കാനുള്ള ഹോട്ടലിനായാണ് ഇവർ കൊച്ചിയിലുള്ള കെന്‍റ് വേ വാച്ച് എന്ന ഹോട്ടലിന്റെ വെബ്സൈറ്റിൽ കയറിയത്. വെബ്സൈറ്റിൽ ആദ്യം കണ്ടത് 7001233398 എന്ന ഫോൺ നമ്പറാണ്. ഇതിലേക്ക് വിളിച്ചപ്പോൾ ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഒരു പുരുഷൻ സംസാരിച്ചു. മുറി ബുക്ക് ചെയ്യാൻ പണം നേരത്തെ അടക്കണമെന്നും പ്രസ്തുത നമ്പറിലേക്ക് ഗൂഗ്ൾ പേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ആദ്യം 11 പേർക്കുള്ള മുറികളാണ് ബുക്ക് ചെയ്തത്. ഇതിനുള്ള തുക ആദ്യം കൈമാറി. പിന്നീട് മൂന്നുപേർക്ക് കൂടി മുറി ബുക്ക് ചെയ്യുകയും ബാക്കി തുകകൂടി കൊടുക്കുകയും ചെയ്തതോടെ മറുതലക്കൽ ഫോൺ സ്വിച്ഓഫ് ചെയ്‌തു. വീട്ടമ്മ പിന്നീട് പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല.
വീണ്ടും വെബ്‌സൈറ്റിൽ കയറി അതിൽകണ്ട മറ്റൊരു നമ്പറിൽ വിളിച്ചു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഹോട്ടലിന്റെ വെബ്സൈറ്റ് സെപ്റ്റംബർ 24 മുതൽ ഹാക്ക് ചെയ്തതായും സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായും ഹോട്ടൽ അധികൃതർ പറഞ്ഞു. ഹാക്ക് ചെയ്‌ത വെബ്സൈറ്റിൽ തട്ടിപ്പ് നടത്തുന്നവരുടെ ഗൂഗ്ൾ പേ നമ്പറാണ് കൊടുത്തിട്ടുള്ളത്. ഇത് ഹോട്ടലിന്റെ നമ്പറെന്നുകരുതി വിളിക്കുന്നവരാണ് തട്ടിപ്പിനിരയാവുന്നത്. ഇതിനകം നിരവധി പേരുടെ പണം ഇതുപോലെ നഷ്ടപ്പെട്ടതായി ഹോട്ടൽ അധികൃതർ പറഞ്ഞു. പൊതുപ്രവർത്തക തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.