ചെങ്ങന്നൂരില്‍ മത്സരം ഇടതുമുന്നണിയും ബി.ജെ.പിയും തമ്മിൽ -എം.ടി രമേശ്

ചെങ്ങന്നൂര്‍: ഇടതുമുന്നണി സ്ഥാനാർഥിയായ സി.പി.എമ്മിലെ സജി ചെറിയാൻെറ സ്‌പോണ്‍സേഡ് സ്ഥാനാര്‍ത്ഥിയാണ് യു.ഡി.എഫിലെ ഡി.വിജയകുമാറെന്ന് ബി. ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സജി ചെറിയാനും പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തലയും ചേര്‍ന്ന ഗൂഡാലോചനയിലൂടെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ സി.പി.എമ്മിന്റെ ബി ടീം  മാത്രമാണ്. ഇവിടെ മത്സരം ഇടതുമുന്നണിയും ബി.ജെ.പിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. 

ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ ഉത്തരം നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ക്കരിയുമായി കൂടിക്കാഴ്ചക്ക് പോയത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ പ്രശ്‌നം ഉള്‍പ്പടെ ചര്‍ച്ചയാകുമെന്നാണ് ജനങ്ങള്‍ കരുതിയത്. എന്നാല്‍ അടിയന്തിര കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ പ്രശ്‌നം ചര്‍ച്ചയായില്ല. ദേശിയപാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധം കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ പിണറായി വിജയന്‍ തയ്യാറാകാത്തതിന്റെ കാരണം അദ്ദേഹം വിശദീകരിക്കണം. കീഴാറ്റൂര്‍ പ്രദേശം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായില്ല. അതിനര്‍ത്ഥം പിണറായിയും സര്‍ക്കാറും പിടിവാശിയിലാണ് എന്നുള്ളതാണ്.

കീഴാറ്റൂരിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖവിലക്കെടുക്കാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഗൗരവകരമായ ഈ വിഷയത്തില്‍ പിടിവാശിയും മര്‍ക്കടമുഷ്ടിയും ഉപേക്ഷിക്കാന്‍ പിണറായി വിജയനും സര്‍ക്കാര്‍ തയ്യാറാവണം. കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ മൂന്നിന് കര്‍ഷക മാര്‍ച്ച് കീഴാറ്റൂര്‍ വയലില്‍ നിന്നും കണ്ണൂരിലേക്ക് നടത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ് മാര്‍ച്ചിന് നേതൃത്വം നല്‍കും. ഈ മാര്‍ച്ചോടുകൂടി കീഴാറ്റുര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുളള പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - chengannur election- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.