പത്തനംതിട്ട: ചെങ്ങന്നൂർ-പമ്പ റെയിൽപാതക്ക് കേന്ദ്രം താൽപര്യം അറിയിച്ചതോടെ കാൽനൂറ്റാണ്ടായി മലയോര മേഖല കാത്തിരിക്കുന്ന ശബരി പാതയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായി. അങ്കമാലിയിൽനിന്ന് എരുമേലി വരെ കാൽനൂറ്റാണ്ടായി മുമ്പ് നിർദേശിക്കപ്പെട്ട ശബരിപാതയുടെ സാധ്യത മങ്ങിയതോടെയാണ് ചെങ്ങന്നൂർ-പമ്പ പാതക്കുള്ള നിർദേശം അംഗീകരിക്കപ്പെട്ടത്. 1997-98ലെ ബജറ്റിലാണ് ശബരി പാതക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. എറണാകുളം, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പാതക്ക് 116 കിലോമീറ്ററാണുള്ളത്. 470.77 ഹെക്ടർ ഭൂമിയിൽ വരുന്ന പദ്ധതി ഈ ജില്ലകളുടെ സമഗ്രവികസനംകൂടി ലക്ഷ്യമിടുന്നുണ്ട്.
അങ്കമാലി, കാലടി, പെരുമ്പാവൂർ ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലാണ് റെയിൽവേ സ്റ്റേഷനുകൾ നിർമിക്കാൻ നിർദേശിച്ചിരുന്നത്.
സംസ്ഥാന സർക്കാറിന്റെ മെല്ലെപ്പോക്ക് നയംമാറ്റം പദ്ധതിയെ ബാധിച്ചെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. 2022-23 സാമ്പത്തിക വർഷം നിർമാണ തുടർച്ചക്കായി 100 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നെങ്കിലും കേരള സർക്കാറിന് സമയബന്ധിതമായി പണി തുടങ്ങാൻ സാധിക്കാതിരുന്നതുമൂലം തുക റെയിൽവേ പിൻവലിച്ചു.
പദ്ധതി നിർവഹണത്തിനായി 2006ൽ പെരുമ്പാവൂരിലും പാലായിലും 2010ൽ മൂവാറ്റുപുഴയിലും സ്പെഷൽ തഹസിൽദാരുടെ ഓഫിസുകൾ തുറന്നിരുന്നു. തുടർന്ന് റെയിൽവേയും സംസ്ഥാന റവന്യൂ വകുപ്പും ചേർന്ന് സംയുക്തമായി സർവേ നടത്തി ഭൂമി ഏറ്റെടുത്ത് അങ്കമാലി മുതൽ കാലടി വരെ റെയിൽപാത നിർമാണം 90 ശതമാനം പൂർത്തിയാക്കി. കാലടിയിൽ മേൽപാലം പണിയുകയുംചെയ്തു. 2022-23ലെ റെയിൽവേയുടെ പിങ്ക് ബുക്കിൽ പദ്ധതി ഉൾപ്പെടുത്തിയിരുന്നതാണ്. 2021 ജനുവരിയിൽ പദ്ധതിയുമായി പങ്കാളിത്തം വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കിഫ്ബി വഴി 2000 കോടി രൂപ കണ്ടെത്താനും നിശ്ചയിച്ചിരുന്നു.
പിന്നീട് തുടർനടപടികൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ വീണ്ടും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കേന്ദ്രം സംസ്ഥാനത്തെ സമീപിച്ചിരുന്നു. ഇതിനും മറുപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പദ്ധതി നടക്കില്ലെന്ന നിഗമനത്തിലേക്ക് കേന്ദ്രവും എത്തുന്നത്. 17 കിലോമീറ്ററിൽ മാത്രമാണ് ഇതേവരെ സ്ഥലമേറ്റെടുപ്പ് പൂർത്തിയായത്. ചെലവിന്റെ പകുതി വഹിക്കണമെന്ന കേന്ദ്ര ആവശ്യം അംഗീകരിച്ച് സംസ്ഥാനം പണം മുടക്കാൻ തയാറായതുമില്ല. പാതക്കായി അളന്നു കല്ലിട്ടു തിരിച്ച കാലടി മുതൽ രാമപുരം വരെ 73 കിലോമീറ്ററിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാത്ത അവസ്ഥയിലാണ്. എരുമേലിയിലെത്താത്ത പാത അവിടം കേന്ദ്രീകരിച്ചുള്ള തീർഥാടനത്തെ അട്ടിമറിക്കുമെന്നും വലിയൊരു വിഭാഗം തീർഥാടകരെ ബാധിക്കുമെന്നും ആക്ഷേപമുണ്ട്. ശബരി പാതയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ആരോപണങ്ങളെ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണിറായി വിജയൻ നിഷേധിച്ചിരുന്നു. പദ്ധതിയിൽ കേന്ദ്ര സർക്കാർ ഒളിച്ചു കളിക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. സ്ഥലമെടുപ്പ് തുടങ്ങുകയും നൂറുകണക്കിന് ആളുകളുടെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിക്കുകയും ചെയ്ത അങ്കമാലി-എരുമേലി പാത വേഗത്തിൽ നടപ്പാക്കാമെന്നാണ് കേരളത്തിന്റെ നിലപാട്.
അതേസമയം, കേന്ദ്രം പ്രത്യേക താൽപര്യം എടുക്കുന്ന ചെങ്ങന്നൂർ-പമ്പ പാതയെ സ്വാഗതം ചെയ്യുന്നതായും സംസ്ഥാനത്തെ റൈയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. അങ്കമാലി-എരുമേലി പാതക്ക് പകുതി ചെലവ് വഹിക്കാമെന്ന് കേന്ദ്രത്തിന് പത്തോളം കത്ത് അയച്ചു. വായ്പ തന്നാൽ കൃത്യമായി തിരിച്ചടക്കും. ശബരിമല തീർഥാടകർക്ക് ഈപാതയാണ് ഗുണകരമെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.
1998ൽ നിർമാണാനുമതി ലഭിച്ച ശബരി പാതക്ക് ഇതുവരെ 256 കോടി ചെലവഴിച്ചു. 2005ൽ പ്രതീക്ഷിച്ചിരുന്ന പദ്ധതിച്ചെലവ് 550 കോടിയായിരുന്നു. 2011ൽ ഇത് 1566 കോടിയായി പുതുക്കി. 2017ലെ എസ്റ്റിമേറ്റനുസരിച്ച് 2815 കോടിയാണ് ചെലവ്. നിർമാണച്ചെലവിന്റെ 50 ശതമാനം ഏറ്റെടുക്കാമെന്ന സംസ്ഥാനത്തിന്റെ വാഗ്ദാനത്തെ തുടർന്നാണ് മരവിച്ചുകിടന്ന പദ്ധതിയുടെ തുടർനടപടികൾ ആരംഭിച്ചത്. അങ്കമാലി മുതൽ കാലടി റെയിൽവേ സ്റ്റേഷൻ വരെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. കോട്ടയത്ത് പാതക്കായി ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടില്ല. ഇടുക്കി ജില്ലയിൽ തൊടുപുഴ, കരിങ്കുന്നം, കോട്ടയത്ത് രാമപുരം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് സ്റ്റേഷനുകൾ. പാത വരുന്നതോടെ റെയിൽവേ ലൈനില്ലാത്ത ഇടുക്കിയിലേക്കും പാതയെത്തും. ഈ പാത വിഴിഞ്ഞം തുറമുഖത്തേക്കും നീട്ടാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.