തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ ചട്ടവിരുദ്ധമായ തീരുമാനങ്ങൾ ഗവർണറുടെ അംഗീകാരത്തിന് വിട്ട് വി.സി ഡോ. മോഹനൻ കുന്നുമ്മൽ. യു.ജി.സി റെഗുലേഷന് വിരുദ്ധമായി തയാറാക്കിയ കരാർ അധ്യാപക നിയമന പട്ടിക അംഗീകരിക്കാനും സിൻഡിക്കേറ്റ് അംഗമായ അധ്യാപകന് കരാർ നിയമന കാലയളവ് പരിഗണിച്ച് പ്രമോഷൻ നൽകാനുമാണ് കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
നാലുവർഷ ബിരുദ കോഴ്സിന് പഠിപ്പിക്കാനുള്ള കരാർ അധ്യാപകരുടെ നിയമനത്തിന് സിൻഡിക്കേറ്റംഗമായ ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഇന്റവ്യൂ നടത്തി തയാറാക്കിയ റാങ്ക് പട്ടിക അംഗീകരിച്ചത് വോട്ടെടുപ്പിലൂടെയായിരുന്നു. ഒരു വർഷത്തേക്ക് നടത്തുന്ന കരാർ നിയമനങ്ങൾ അഞ്ചുവർഷം വരെ നീട്ടാനാകും.
75,000 രൂപയാണ് ശമ്പളം. ഈ വർഷം 12 പേരെയാണ് നിയമിക്കുന്നതെങ്കിലും അടുത്ത രണ്ടുവർഷത്തിനുള്ളിൽ കൂടുതൽ പേരെ റാങ്ക് പട്ടികയിൽ നിന്ന് നിയമിക്കും. കരാർ നിയമനത്തിനുള്ള അധ്യാപക നിയമനത്തിനുപോലും വി.സിയോ അദ്ദേഹം നാമനിർദേശം ചെയ്യുന്ന സീനിയർ പ്രഫസറോ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ഇന്റവ്യൂ നടത്തേണ്ടതെന്നാണ് യു.ജി.സി റെഗുലേഷൻ. ഇതു ലംഘിച്ചാണ് സിൻഡിക്കേറ്റംഗത്തിന്റെ നേതൃത്വത്തിലുള്ള സമിതി ഇന്റർവ്യൂ നടത്തി പട്ടിക തയാറാക്കിയത്. പട്ടികക്കെതിരെ സിൻഡിക്കേറ്റിലെ ബി.ജെ.പി അംഗം പി.എസ്. ഗോപകുമാർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
ചട്ടവിരുദ്ധമായി സർവകലാശാല സമിതികളെടുക്കുന്ന തീരുമാനങ്ങൾ ചാൻസലർ കൂടിയായ ഗവർണറുടെ തീർപ്പിന് വിധേയമാക്കാമെന്ന സർവകലാശാല നിയമം ചൂണ്ടിക്കാട്ടിയാണ് വി.സിയുടെ നടപടി. സിൻഡിക്കേറ്റ് അംഗവും സി.പി.എം അധ്യാപക സംഘടന നേതാവുമായ ഡോ.എസ്. നസീബിന് അസോ. പ്രഫസറായി സ്ഥാനക്കയറ്റം നൽകുന്നതിന് കാലടി സർവകലാശാലയിലെ കരാർ നിയമന കാലാവധി കൂടി പരിഗണിക്കാനുള്ള തീരുമാനത്തിലും വി.സി വിസമ്മതം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.