വിജനമായ മരുഭൂമിയുടെ നടുവിൽ പെട്ടന്ന് വണ്ടി നിർത്തി ഡ്രൈവർ തോക്കുമായി നജീബിനടുത്തെത്തി വണ്ടിയിൽ നിന്ന് പിടിച്ചിറക്കി. പെട്ടന്ന് വേഷം മാറിക്കൊള്ളാൻ പറഞ്ഞു. ബോർഡർ സെക്യുരിറ്റി ഫോഴ്‌സ് കണ്ടാൽ യമനിയാണെന്നേ തോന്നാവൂ എന്ന് പറഞ്ഞു വേഷം യമനിയുടേതാക്കി. പിന്നെ നജീബിന്റെ കൈയിൽ തോക്കുനൽകി. അത് ചുമലിൽ ചാരി പിടിച്ച് ട്രക്കിന് പിറകിൽ ഇരിക്കാൻ പറഞ്ഞു. കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശി കെ.ടി നജീബിന്റെ കഥ കേൾക്കുമ്പോൾ ആട് ജീവിതത്തിലെ നജീബ് മാത്രമല്ല ‘ഡങ്കി’യിലെ ഷാരുഖ് ഖാനും ‘നാം’ സിനിമയിലെ സഞ്ജയ് ദത്തുമൊക്കെ ഒരു നിമിഷം നമ്മുടെ മനസ്സിലേക്ക് കടന്നു വന്നേക്കാം.

ഗൾഫിലേക്ക് ആളുകൾ പറന്നു തുടങ്ങുന്ന 1979 കാലം. നജീബിനും അനുജൻ സൽമാനും യമനിലേക്ക് വിസിറ്റിങ് വിസ കിട്ടുന്നു. കൂടെ വേറെ നാലഞ്ചുപേർക്കും. ആഹ്‌ളാദത്തോടെ അവർ യമൻ തലസ്ഥാനമായ സൻആയിലെത്തി. വിസിറ്റിങ് വിസ നൽകിയ യമനിയുടെ കാർ വാഷ് സെൻററിൽ വാഹനം കഴുകലായിരുന്നു ജോലി. നജീബ് ആകെ തകർന്നുപോയി. നാട്ടിൽ അധ്യാപകനായിരുന്ന നജീബ് ഒരിക്കലും പ്രതീക്ഷിക്കാത്ത തൊഴിൽ. ജീവിത മടുപ്പിനിടയിൽ അബ്ദുല്ല എന്നൊരു മലയാളിയെ പരിചയപെട്ടു. അറുപതുകളിൽ ലോഞ്ച് വഴി യമനിലെത്തിയ അബ്ദുല്ല മഅരിബിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഡോക്ടറാണ്. നജീബ് അദ്ദേഹത്തിന്റെ അസിസ്റ്റന്റായി അവിടെ കൂടി. ഏറെക്കാലമായി നാട് കാണാൻ കഴിയാത്ത അബ്ദുല്ല പൊടുന്നനെ ക്ലിനിക് നജീബിനെ ഏൽപ്പിച്ചു നാട്ടിലേക്ക് പോയി!

ആ ഗ്രാമത്തിൽ മണൽക്കാടും ആടുകളും ഒട്ടകങ്ങളും കഴുതകളും മാത്രം. പിന്നെ ഒട്ടകപുറത്തും കഴുതപുറത്തുമെത്തുന്ന ബദുക്കളും. അസമയത്ത് ചികിത്സ തേടി വരുന്ന ഗ്രാമീണരും. അവരുടെയൊക്കെ ഏക ഡോക്ടറാണ് ഇപ്പോൾ നജീബ്. ക്ലിനിക്കിലേക്ക് ബദുക്കൾ ചികിത്സ തേടി വരുന്നത് തോക്കും കത്തിയും വാളുമായിട്ടാണ്. തോക്ക് ചൂണ്ടിയും ഉറയിൽനിന്ന് വാളൂരിയുമൊക്കെയാണ് ചികിൽസിക്കാൻ പറയുക. അത് പ്രസവ കേസ് മുതൽ കുട്ടിയെ ഒട്ടകം കടിച്ചത് സർജറി നടത്തി തുന്നി കൂട്ടുന്ന കേസ് വരെയാകാം.

നജീബ് ശരിക്കും പെട്ടതുപോലെയായി. വിസിറ്റ് വിസ കാലം കഴിഞ്ഞിരിക്കുന്നു. നാട്ടിലേക്ക് മടങ്ങണമെങ്കിൽ ഒന്നര വർഷം അനധികൃതമായി തങ്ങിയതിന് യമൻ ഇമിഗ്രേഷനിൽ പിഴയടക്കണം. ജീവിത കാലം മുഴുവൻ ജോലി ചെയ്താലും വീട്ടാൻ കഴിയാത്ത തുകയാണത്. പുറത്തിറങ്ങാനും പറ്റില്ല. അനധികൃത താമസത്തിന് പിടിയിലായാൽ പിന്നെ യമൻ ജയിലിൽ കിടക്കേണ്ടി വരും.

ഒരിക്കൽ പുലർച്ചെ ഒരു ബദു ഒട്ടകപുറത്ത് ഭാര്യയോടൊപ്പമെത്തി. അബോധാവസ്ഥയിലായിരുന്നു ആ സ്ത്രീ. തോക്ക് ചൂണ്ടി അയാൾ പറഞ്ഞു, ഇവളെ ഇപ്പോൾ ഇഞ്ചക്ഷൻ കൊടുത്ത് രക്ഷിക്കണം, ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും. ‘‘എന്ത് പറഞ്ഞിട്ടും കാര്യമില്ല. ചികിൽസിച്ചില്ലെങ്കിൽ അയാൾ കൊല്ലും. ആ സ്ത്രീ ചികിത്സക്കിടയിൽ മരണപെട്ടാലും അയാൾ എന്നെ വെടിവെക്കും’’ -നജീബ് ഓർത്തു. രണ്ടും കൽപ്പിച്ച്, പേടിച്ചു വിറച്ച് ഏതോ ഒരു ഇഞ്ചക്ഷനെടുത്തു കുത്തി. അത്ഭുതം അവൾ കണ്ണ് തുറന്നു. കെട്ടിപിടിച്ചു നന്ദി പറഞ്ഞു അയാൾ ഭാര്യയോടൊപ്പം തിരിച്ചുപോയി.

അതോടെ നജീബ് ആകെ ടെൻഷനിലായി. ഏതാനും മാസങ്ങൾക്കിടയിൽ ഇത് ആറാമത്തെ അനുഭവമാണ്. ഏത് നിമിഷവും കത്തിക്കോ തോക്കിനോ അധികൃതരുടെ നിയമ നടപടിക്കോ വിധേയനാകാമെന്ന അവസ്ഥ. രക്ഷപെടാനുള്ള വഴികൾ പലതും നോക്കി. ഒന്നും വിജയിച്ചില്ല. ഒരിക്കൽ കഴുതപ്പുറത്ത് കയറി മരുഭൂവിലൂടെ കുറെ സഞ്ചരിച്ചു അവിടെ കുടുങ്ങിപ്പോയതും നജീബ് ഓർത്തു.

അപ്പോഴാണ് പച്ചക്കറി ട്രക്കിൽ കയറ്റി സൗദിയിലെ സൗദിയിലെ നജ്‌റാനിൽ എത്തിക്കാമെന്ന് ഒരു ബദു പറയുന്നത്. വൻ റിസ്കാണ്. സൗദിയുടെയും യമനിന്റെയും ബോർഡറുകൾ കടക്കണം. പിടിക്കപ്പെട്ടാൽ ബോർഡർ സെക്യുരിറ്റിക്കാരുടെ വെടിയേറ്റായിരിക്കും മരണം. എങ്കിലും നജീബിന് മടങ്ങിയെ പറ്റൂ. മധുവിധു കഴിയും മുമ്പ് നാട് വിട്ടതാണ്. യമനിലേക്ക് പോരുന്ന നേരം ഭാര്യ ഗർഭിണിയായിരുന്നു. വർഷം ഒന്നര പിന്നിട്ടിരിക്കുന്നു. മകനെ കണ്ടിട്ടില്ല. മകനെയും ഭാര്യയെയും കാണണം. അത് മാത്രമായിരുന്നു അപ്പോൾ നജീബിന്റെ മനസ്സിൽ.

സൗദിയിൽ എത്തിയാൽ പുതിയ യാത്ര രേഖകൾ ശരിയാക്കി നാട് പിടിക്കാം. പക്ഷെ അതിർത്തി കടക്കണം. ഒരു പക്ഷെ പിടിക്കപെടാം, അല്ലെങ്കിൽ വെടിയേറ്റു മരിക്കാം. പോകുന്നതിന് മുമ്പ് അനുജൻ സൽമാനെ കണ്ട് യാത്ര പറയണം. അതിന് 120 കിലോമീറ്റർ താണ്ടണം. നടന്നും വാഹനങ്ങളിലുമായി ചെറുപട്ടണങ്ങളും മണൽക്കാടുകളും താണ്ടി നജീബ് സനാ പട്ടണത്തിലെത്തി സൽമാനെ കണ്ടു. യാത്ര പറഞ്ഞ് പിരിയുമ്പോൾ സൽമാന്റെ കണ്ണിൽ ആശങ്ക പടരുന്നതും കണ്ണ് നനയുന്നതും നജീബിൽ ഭയമുണ്ടാക്കി. പ്രതീക്ഷകളോടെ ഒന്നിച്ചാണ് അവരുടെ ഉമ്മ യമനിലേക്ക് യാത്രയാക്കിയിരുന്നത്. ഇന്ന് അവർ പിരിയുകയാണ്. ഒരുപക്ഷെ അവർ തമ്മിലുള്ള അവസാന കൂടിക്കാഴ്ച യാവുമോ ഇതെന്ന് സൽമാൻ വിചാരിച്ചിട്ടുണ്ടാവുമോ?

യമന്റെ അതിരുകൾ കടക്കണം. അവിടെ സൗദി അതിർത്തി കാക്കുന്ന പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് വേണം നജ്റാൻ പട്ടണത്തിലെത്താൻ. നജീബിനൊപ്പം നരിക്കുനി സ്വദേശി കുഞ്ഞോതിയുമുണ്ടായിരുന്നു. നേരം വെളുക്കുംമുമ്പേ അവർ നജ്‌റാൻ ലക്ഷ്യമാക്കി പുറപ്പെട്ടു. നേരത്തെ ഏർപ്പാട് ചെയ്ത വാഹനത്തിൽ കയറി. ആ യാത്രക്കിടയിലാണ് യമനി വേഷം ധരിപ്പിച്ചു, തോക്കുകൾ ചുമലിൽ ചാരിപിടിച്ചിരിക്കാൻ ഡ്രൈവർ അവരോട് പറയുന്നത്.

കുറെ മരുഭൂ വഴികൾ പിന്നിട്ട് ഒരു മലയുടെ നെറുകയിൽ വണ്ടി നിർത്തി. ഡ്രൈവർ പറഞ്ഞു. ‘‘യാ സദീഖ് ഖലാസ്: യംശീ മിൻഹി നാ; തവക്കൽ ഇലല്ലാഹ്’’ (സുഹൃത്തേ യാത്ര ഇവിടെ അവസാനിക്കുന്നു, ഇനി ദൈവത്തിൽ ഭരമേല്പിച്ചു നടന്നു പോവുക).


ദൂരെ ഒരു പട്ടണത്തിന്റെ അടയാളങ്ങൾ കാണുന്നുണ്ട്. അത് നജ്റാൻ പട്ടണമായിരിക്കാം. ആളും അനക്കവുമില്ല. മലയിടുക്കുകൾ. ചുറ്റും മണൽത്തട്ടുകളും ഇടയ്ക്കിടെ ഈത്തപ്പന തോട്ടങ്ങളും ആട് വളർത്തു കേന്ദ്രങ്ങളും. നജീബും കുഞ്ഞോതിയും നജ്‌റാൻ ലക്ഷ്യമാക്കി നടക്കുകയാണ്. യമൻ അതിർത്തി കഴിഞ്ഞിരിക്കുന്നു. സൗദിയിൽ എത്തിയിട്ടുമില്ല. വീശിയടിക്കുന്ന മണൽക്കാറ്റ് ചിലപ്പോൾ കൂടെയുള്ള കുഞ്ഞോതിയെപോലും മണൽക്കാറ്റ് മറച്ചുകളയുന്നു.

രണ്ടു വർഷത്തെ ഭയാനകമായ ഓർമ്മകൾ അവസാനിപ്പിച്ച് സ്വന്തം നാടും വീടും കാണാനുള്ള യാത്രയിലാണ് നജീബ്. രക്ഷപെടും. വെടിയുണ്ടകളിൽ നിന്ന് പടച്ചവൻ കാക്കും, സൗദിയിലെത്തിയാൽ മക്കത്ത് പോകണം. നജീബിന്റെ മനസ്സ് മന്ത്രിച്ചു. പൊലീസിന്റെ പിടിയിലാകാതെ, ഒടുവിൽ നജീബ് നജ്റാനിലെത്തി. പിന്നെ സാഹസികമായി ജിദ്ദയിലും.

അപ്പോഴേക്കും ദിവസങ്ങൾ ഒരുപാട് പിന്നിട്ടിരുന്നു. രൂപ ഭാവങ്ങൾ ആകെ മാറിയിരുന്നു. പൊലീസിന്റെ കണ്ണിൽ പെടാതെ ജിദ്ദയിൽ നിന്ന് മക്കയിലുമെത്തി. കഅ്ബ പ്രദിക്ഷണം ചെയ്തു. ബാബു സലാമിലൂടെ (സമാധാനത്തിന്റെ വാതിൽ) പുറത്തു കടന്നപ്പോൾ റോഡിന് മറുവശം ബാപ്പ നിൽക്കുന്നു. യമനിൽ നിന്ന് മടങ്ങിയ ബാപ്പ സൗദിയിൽ! അപ്രതീക്ഷിതമാണല്ലോ ജീവിതം തന്നെ. ആ നിമിഷം മുതൽ നജീബിന്റെ ജീവിതം മാറി മറയുകയായിരുന്നു. നജീബിന്റെ കഥ കേട്ടറിഞ്ഞ ചില സിനിമക്കാർ ഒരിക്കൽ അദ്ദേഹത്തെ സമീപിച്ചിരുന്നു. പക്ഷെ അപ്പോഴേക്കും നജീബ് പുതിയ യാത്ര തുടങ്ങിയിരുന്നു...

Tags:    
News Summary - chennamangallur native Najeeb's journey to Saudi from yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.