കൊച്ചി: ബന്ധുനിയമന വിവാദത്തിൽ ആരോപിതനായ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുക്കൾക്ക് ദാനം ചെയ്യാനുള്ളതല്ല സർക്കാർ പദവികൾ. ആരോപണങ്ങളോട് അഹന്തയോടെയാണ് മന്ത്രിമാർ പ്രതികരിക്കുന്നത്. സർക്കാർ പദവികൾ മന്ത്രിമാരുടെ തറവാട്ട് സ്വത്തല്ലെന്നും മലവെള്ളം പോെലയാണ് കെ.ടി ജലീലിനെതിരായ അഴിമതി ആരോപണങ്ങളെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏത് മന്ത്രി അഴിമതി നടത്തിയാലും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ മൗനം ജലീലിെന രക്ഷിക്കാനാണ്. എന്തുകൊണ്ട് മന്ത്രിയെ പുറത്താക്കുന്നില്ല എന്നുള്ളത് പിണറായി വിജയൻ വ്യക്തമാക്കണം. ജലീലിെൻറ ഭാര്യയുടെ സ്ഥാനക്കയറ്റത്തെ കുറിച്ച് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജലീലിെൻറ ഭാര്യക്ക് വിദ്യാഭ്യാസചട്ടങ്ങൾ ലംഘിച്ചാണ് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി നിയമനം നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു.
ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയത് അഴിമതിക്കുള്ള ലൈസൻസാണ്. ആരോപണം ഉന്നയിക്കുന്നവരോട് കോടതിയിൽ പോകാൻ പറയുന്നത് സർക്കാരിെൻറ അഹങ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
ആറ് ദിവസമായിട്ടും നെയ്യാറ്റിൻകരയിൽ നടന്ന കൊലപാതക കേസിലെ പ്രതി ഡി.വൈ.എസ്.പിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഡി.വൈ.എസ്.പി ഹരികുമാറിന് ഉന്നതരുടെ പിന്തുണയുണ്ടെന്നും അതിനാലാണ് കേരളാ പൊലീസിന് അയാളെ പിടികൂടാൻ സാധിക്കാത്തതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സി.പി.എമ്മിലെ ജില്ലാ തലത്തിലുള്ള നേതാക്കളാണ് ഇതിനുള്ള എല്ലാ ഒത്താശകളും ചെയ്തുകൊണ്ടിരിക്കുന്നത്. സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ ഹരികുമാർ പുഷ്പം പോലെ രക്ഷപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതി ഡി.വൈ.എസ്.പിയാണെന്ന് തെളിഞ്ഞിട്ടും എന്തിനാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടതെന്നും ചെന്നിത്തല ചോദിച്ചു. സമയം കളയാൻ വേണ്ടിയാണ് കേസ് അവർക്ക് വിട്ടത്. പൊതുസമൂഹത്തിെൻറ ശ്രദ്ധയിൽ നിന്നും കേസ് മാഞ്ഞുപോകുന്നത് വരെ അനന്തമായി വലിച്ച് നീട്ടാനുള്ള ശ്രമമാണ് ഇവർ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.