തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്ന രമേശ് ചെന്നിത്തല എം.എൽ.എയുടെ ആവശ്യം കോടതി തള്ളി. ഇപ്പോൾ അതിെൻറ ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമ്പോൾ പാകപ്പിഴകൾ ഉണ്ടെങ്കിൽ അപ്പോൾ ഇത്തരം ആവശ്യം പരിഗണിക്കാമെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കേസിൽ നീതിപൂർണമായി നടപടികൾ വേണമെങ്കിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നായിരുന്നു രമേശ് ചെന്നിത്തല നൽകിയ ഹരജിയിലെ ആവശ്യം. എന്നാൽ, ഈ ആവശ്യം സർക്കാർ ആദ്യമേ എതിർത്തിരുന്നു. കൈയാങ്കളിക്കേസിൽ കക്ഷി ചേർക്കണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തലക്ക് പുറമെ ബി.ജെ.പി അനുകൂല അഭിഭാഷകസംഘടന നൽകിയ ഹരജിയും കോടതി തള്ളി.
കേസിൽ പ്രതിയായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ ഇടതുനേതാക്കൾ നൽകിയ വിടുതൽ ഹരജിയിൽ കോടതി സെപ്റ്റംബർ 23ന് വാദം പരിഗണിക്കും. കേസിൽനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. മുഴുവൻ പ്രതികളും കേസിൽ വിചാരണ നേരിടണമെന്നും കോടതി നിർദേശിച്ചിരുന്നു. മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, എം.എൽ.എമാരായിരുന്ന കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ, ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷാംഗങ്ങളായിരുന്ന പ്രതികൾ ആക്രമണം നടത്തിയെന്നും ഇതിലൂടെ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്. കേസ് വിചാരണ കോടതി പരിഗണിക്കണെമന്ന ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
തൃശൂർ: നിയമസഭ െകെയാങ്കളി കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി എസ്. സുരേശനെ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ നിയമനടപടികൾ തുടരും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകും. മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: സി.ജെ.എം കോടതി വിധി രമേശ് ചെന്നിത്തലക്കേറ്റ തിരിച്ചടിയെന്ന് കേസിലെ പ്രതിയായ മന്ത്രി വി. ശിവൻകുട്ടി. കോൺഗ്രസിൽ ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധകിട്ടാനുള്ള ഗിമ്മിക്കുകളാണ് അദ്ദേഹം നടത്തുന്നത്. കോടതിവിധിയിലൂടെ അത് പൊളിഞ്ഞു. വനിതസാമാജികരെ ആക്രമിച്ച കേസിലാണ് ചെന്നിത്തല കക്ഷിചേരേണ്ടതെന്നും ശിവൻകുട്ടി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.