തിരുവനന്തപുരം: വഴിയോരവിശ്രമകേന്ദ്രങ്ങൾ തുടങ്ങാനെന്ന പേരിൽ സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വകാര്യവ്യക്തികൾക്ക് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ വൻ അഴിമതിയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതി നടത്തിപ്പിനുള്ള നിർണായകയോഗങ്ങൾ വിളിച്ചിരിക്കുന്നത് മുഖ്യമന്ത്രി നേരിട്ട് തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു.
സർക്കാർഭൂമി ഇത്തരത്തിൽ സ്വകാര്യസംരംഭങ്ങൾക്ക് നൽകരുതെന്നുള്ള സി.പി.എമ്മിന്റേയും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെയും മുൻ നിലപാട് മറികടന്നുള്ള നീക്കത്തിന് പിന്നിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് മറിച്ച് നൽകി കോടികൾ പോക്കറ്റിലാക്കാമെന്നുള്ള ദുഷ്ടലാക്കാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ലെന്ന സർക്കാരിന്റെ വ്യവസ്ഥ മറികടന്ന് സംരംഭം ഏറ്റെടുക്കുന്നവർക്ക് സർക്കാർ ഭൂമി വിദേശബാങ്കുകൾ ഉൾപ്പെടെയുള്ളവർക്ക് പണയപ്പെടുത്തി പണമെടുക്കാമെന്ന പാകത്തിന് വിചിത്ര രീതിയിലാണിപ്പോൾ സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ വൻഅഴിമതിയുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
നോർക്കാ റൂട്സിന്റെ കീഴിൽ കമ്പനി രൂപീകരിച്ചാണ് സർക്കാർ ഭൂമി വിറ്റു തുലയ്ക്കാനുള്ള വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ കമ്പനിയുടെ എം.ഡിയുടെ നേതൃത്വത്തിൽ വിദേശ സന്ദർശനം നടത്തിയത് എന്തിനെന്ന് അന്വേഷിക്കണം. സ്മാർട്ട് സിറ്റി വിവാദങ്ങളിൽപ്പെട്ട് പുറത്തായ വ്യക്തി എങ്ങനെ ഈ കമ്പനിയുടെ എം.ഡി ആയി എന്നതും പുറത്ത് വരേണ്ടിയിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
നേരത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തിയുള്ള ഉത്തരവാണ് ഇറങ്ങിയത്. പിന്നീട് അത് തിരുത്തി സംരംഭകർക്ക് കോടിക്കണക്കിനു വില വരുന്ന ഭൂമി പണയപ്പെടുത്താനുള്ള വിചിത്രഉത്തരവ് ഇറക്കിയത്
റവന്യൂ - നിയമവകുപ്പിന്റെ എതിർപ്പ് മറികടന്നാണ്. ഭൂമി കച്ചവടം നടത്താനുള്ള സർക്കാരിന്റെ ഉത്തരവിന് പിന്നിൽ അഴിമതിയല്ലാതെ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തൊട്ടാകെ ദേശീയ-സംസ്ഥാനപാതയോരങ്ങളിലായി 30ഓളം ഇടങ്ങളിലെ 150 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ ഒരുങ്ങുന്നത്. ഭൂമി കൈമാറുന്നവർക്ക് അത് പണയംവെച്ച് വായ്പയെടുക്കാനും അവകാശമുണ്ടാവും. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ഭൂമി ബാങ്ക് ജപ്തി ചെയ്യുന്ന സാഹചര്യമാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കാലത്താണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത സ്വപ്ന സുരേഷിനെ ഈ കമ്പനിയിൽ നിയമിക്കാൻ ശിവശങ്കർ തയ്യാറെടുത്തിരുന്നു എന്നതും ദുരുഹത വർധിപ്പിക്കുന്നുവെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.