രമ മത്സരിക്കുമെന്ന് ചെന്നിത്തല, മത്സരിക്കില്ലെന്ന് ഹസൻ; വടകരയിൽ അനിശ്ചിതത്വം

കോഴിക്കോട്: വടകര നിയമസഭ മണ്ഡലത്തിൽ ആർ.എം.പി(ഐ) നേതാവ് കെ.കെ. രമ മത്സരിക്കുന്നതിനെ ചൊല്ലി യു.ഡി.എഫ് നേതൃത്വത്തിൽ ആശയക്കുഴപ്പം. രമ മത്സരിക്കില്ലെന്നും വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തുമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറയുമ്പോൾ, രമ മത്സരിക്കുമെന്നും യു.ഡി.എഫ് പിന്തുണക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

രമ മത്സരിക്കുകയാണെങ്കിൽ കോൺഗ്രസ് പിന്തുണക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, രമക്ക് പകരം ആർ.എം.പി(ഐ) നേതാവ് എൻ. വേണു വടകരയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നത്. കൂടുതൽ വിജയസാധ്യതയുള്ളതിനാലാണ് കെ.കെ. രമ മത്സരിച്ചാൽ പിന്തുണക്കാമെന്ന നിലപാട് സ്വീകരിച്ചതെന്ന് എം.എം. ഹസൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ, രമ മത്സരിക്കുമെന്ന് അറിയിച്ചതായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചത്. രമ മത്സരിക്കാൻ സന്നദ്ധയാണെന്ന് എൻ. വേണു അറിയിച്ചെന്നും യു.ഡി.എഫ് പിന്തുണക്കുമെന്നും ചെന്നിത്തല പറഞ്ഞു.

2016ൽ വടകരയിൽ ഒറ്റക്ക് മത്സരിച്ച കെ.കെ. രമ 20,504 വോട്ട് നേടിയിരുന്നു. പതിനായിരത്തിൽ താഴെ വോട്ടിനാണ് അന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായ ജെ.ഡി.എസ് നേതാവ് സി.കെ. നാണു വിജയിച്ചത്. 

Tags:    
News Summary - Chennithala says Rema will contest, Hasan says she will not contest; Uncertainty in vatakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.