കൊച്ചി: കേരളത്തിലെ ഇറച്ചിക്കോഴി വില നിയന്ത്രിക്കുന്നത് തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ മൊത്ത വ്യാപാരികൾ ഉൾപ്പെടുന്ന ലോബി. ഇവരുടെ ധിക്കാരപരമായ നിലപാടാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നഷ്ടം സഹിച്ച് 87 രൂപക്ക് കോഴി വിൽക്കണമെന്ന സർക്കാർ ആവശ്യം തങ്ങളുടെ നിലനിൽപ്പ് ഇല്ലാതാക്കുമെന്നാണ് കേരളത്തിലെ കോഴി വ്യാപാരികളുടെ വാദം. വില കുറക്കുന്നത് സംബന്ധിച്ച് കോഴി ഫാം ഉടമകളുടെ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ വ്യാപാരികൾ തിങ്കളാഴ്ച മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. നഷ്ടം സഹിച്ച് 100 രൂപക്കുവരെ വിൽക്കാമെന്ന് ചർച്ചയിൽ വ്യാപാരികൾ അറിയിെച്ചങ്കിലും മന്ത്രിയുടെ നിലപാടിൽ മാറ്റമുണ്ടായില്ല. കിലോക്ക് 87 രൂപക്ക് നൽകിയില്ലെങ്കിൽ ജനം ഏറ്റെടുക്കുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ഇതോടെ, കട തുറന്നാൽ സുരക്ഷയുണ്ടാകില്ലെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.
കോഴി വില നിശ്ചയിക്കുന്ന തമിഴ്നാട്ടിലെ ബ്രോയിലേഴ്സ് കോഒാഡിനേഷൻ കമ്മിറ്റിയോട് ഇക്കാര്യത്തിൽ സഹകരണം തേടിയെങ്കിലും വില നിർണയം സംബന്ധിച്ച േയാഗം ഉടൻ ചേരാനാവില്ലെന്നായിരുന്നു മറുപടി. 56 രൂപ വിലയുള്ള കോഴിക്കുഞ്ഞിനെ വാങ്ങി വളർത്തി മൊത്ത വിതരണക്കാർക്ക് നൽകിയാൽ കാര്യമായ വരുമാനം ലഭിക്കില്ലെന്ന് ഫാം ഉടമകൾ പറയുന്നു. തീറ്റ, മരുന്ന്, വെള്ളം എന്നിവയുടെ ഇനത്തിൽ ഒരു കോഴിക്കുഞ്ഞിന് 20 രൂപ ചെലവ് വരും. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് നിയന്ത്രിക്കാനും സംസ്ഥാനത്തെ കോഴി കർഷകരെ നിലനിർത്താനുമാണ് 14.5 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നത്. ബീഫിന് ഉത്തരേന്ത്യയിൽ നിയന്ത്രണം വന്നതോടെ കോഴി ഇറച്ചിക്ക് ആവശ്യം കൂടി. ഇതോടെ, തമിഴ്നാട് ലോബിക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും പ്രധാന വിപണിയായി. ഇതാണ് വില കൂടാൻ പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സമരം അധികം നീളാൻ ഇടയില്ലെന്നും സ്വാഭാവിക വിലക്കുറവ് പ്രതീക്ഷിക്കാമെന്നുമാണ് ഒാൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. നസീർ, എറണാകുളം ജില്ല സെക്രട്ടറി രവി എന്നിവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.