തിരുവനന്തപുരം: പറമ്പിക്കുളം, ആളിയാര്‍ പദ്ധതി കരാർ പ്രകാരം കേരള സംസ്ഥാന അതിര്‍ത്തിയില്‍ മണക്കടവ് വിയറില്‍ ഒരു ജലവര്‍ഷം 7.25 ടി.എം.സി ജലം ചിറ്റൂര്‍ പ്രദേശത്തെ 20,000 ഏക്കറിലെ കൃഷി ആവശ്യത്തിനായി കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മണക്കടവ് വിയറില്‍ കേരളത്തിന് ആവശ്യാനുസരണമുള്ള ജലം ലഭ്യമാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു.
സംയുക്ത ജലക്രമീകരണ വിഭാഗം ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ നേരില്‍ കാണുകയും കരാര്‍ പ്രകാരം ജലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.പി.എ.പി കരാർ പ്രകാരം ഷോളയാറില്‍ ഒരു ജലവര്‍ഷം 12,300 എം.സി ജലത്തിനാണ് കേരളത്തിന് അര്‍ഹതയുള്ളത്.
ലഭ്യമായ ജലത്തിന്റെ കണക്കനുസരിച്ച് സെപ്റ്റംബർ 12 വരെ 1395.64 എം.സി ജലം ഷോളയാറില്‍നിന്ന് വൈദ്യുതി ഉൽപാദനത്തിനായി കേരളം ഉപയോഗിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ഷോളയാറില്‍നിന്ന് കേരളത്തിന് ഈ വര്‍ഷം ഇനി 10904.36 എം.സി ജലം ഉപയോഗിക്കാം.
സെപ്റ്റംബർ ഒന്നിന് ഷോളയാറിന്റെ ജലനിരപ്പ് കരാര്‍ പ്രകാരമുള്ളതിനെക്കാളും 14.09 അടി കുറവായിരുന്നു.
കരാര്‍ വ്യവസ്ഥ പാലിക്കണമെന്നാവശ്യപ്പെട്ട് കേരള ജലവിഭവ വകുപ്പ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയത് ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്ത് നല്കി.
നീരാര്‍ നദിയില്‍നിന്ന് അപ്പര്‍ നീരാര്‍ വിയറില്‍ ഒക്ടോബര്‍ ഒന്നിനും ജനുവരി 31നും ഇടയിലുള്ള കാലയളവില്‍ ലഭ്യമാകുന്ന എല്ലാ ജലവും കേരളത്തിന് അര്‍ഹതപ്പെട്ടതാണ്. കരാര്‍ വ്യവസ്ഥയനുസരിച്ച് അപ്പര്‍ നീരാര്‍ വിയറില്‍ 2023 ഒക്ടോബര്‍ ഒന്നിനും 2024 ജനുവരി 31നും ലഭ്യമാകുന്ന ഇടയില്‍ മുഴുവന്‍ ജലവും കേരളത്തിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കെ. ബാബുവിന്റെ സബ്മിഷന് മറുപടിയായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.