തിരുവനന്തപുരം: വികസനവും സാമൂഹിക സുരക്ഷയും ഉറപ്പുനൽകുന്ന ജനപക്ഷ തീരുമാനങ്ങൾക്കാണ് വകുപ്പുതലവന്മാരും കലക്ടർമാരും മുൻഗണന നൽകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
രണ്ടുദിവസമായി നടന്ന കലക്ടർമാരുടെയും വകുപ്പ് തലവന്മാരുടെയും യോഗത്തിൽ ചർച്ച ഉപസംഹരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിൽനിന്ന് ജനങ്ങൾ വലിയ മാറ്റം ആഗ്രഹിക്കുന്നു. ആ പ്രതീക്ഷ പൂർണമായി നിറവേറ്റണമെങ്കിൽ നിലവിലെ രീതിയിലും ശൈലിയിലും മാറ്റങ്ങൾ വേണ്ടിവരും. പുതിയൊരു കേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനാൽ വികസന പദ്ധതികൾ പൂർണതയിലെത്തിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം.
ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഓരോ വ്യക്തിയിലും എത്തണം. ഉദ്യോഗസ്ഥരാണ് അത് ചെയ്യേണ്ടത്. അഴിമതിരഹിതമായ ഭരണം കാഴ്ചവെക്കുന്നതിൽ കേരളത്തിന് സൽപ്പേരാണുള്ളത്. എന്നാൽ, സർവിസ് മേഖലയാകെ അഴിമതിമുക്തമാണെന്ന് പറയാൻ കഴിയില്ല. തെറ്റായ ശൈലികളും മാമൂലുകളും പൂർണമായി അവസാനിച്ചിട്ടില്ല.
അഴിമതി കണ്ടില്ലെന്നുനടിക്കരുത്. ശക്തമായി ഇടപെടണം. താഴെതലത്തിൽ വില്ലേജ് ഓഫിസ് വരെ അഴിമതി മുക്തമാകണം. സെക്രട്ടറിമാരും വകുപ്പുതലവന്മാരും കലക്ടർമാരും ഇടപെട്ടാൽ ഇക്കാര്യത്തിൽ മാറ്റമുണ്ടാക്കാൻ കഴിയും. കേരളത്തിൽ വ്യവസായമോ കച്ചവട സംരംഭമോ ആരംഭിക്കാൻ സർക്കാറിനെ സമീപിക്കുന്നവരെ േപ്രാത്സാഹിപ്പിക്കുന്ന സമീപനം നമുക്ക് നഷ്ടപ്പെട്ടുപോയി. മുതൽമുടക്കാൻ വരുന്നവരെ പലപ്പോഴും ശത്രുവിനെപ്പോലെയാണ് കാണുന്നത്. സംസ്ഥാനത്തിെൻറ പുരോഗതിക്ക് വ്യവസായ മുതൽമുടക്ക് അനിവാര്യമാണ്. എല്ലാ കാര്യങ്ങളും സർക്കാറിന് ചെയ്യാൻ കഴിയില്ല. ഇത് മനസ്സിലാക്കി നിക്ഷേപകരെ ബുദ്ധിമുട്ടിക്കുന്ന സമീപനം ഒഴിവാക്കണം.
ഓഫിസുകളിൽ വൈകിയെത്തുകയും നേരേത്ത പോവുകയും ചെയ്യുന്നത് പതിവാക്കിയവരുണ്ട്. ഇക്കാര്യം വകുപ്പ് മേധാവികൾ ശ്രദ്ധിക്കണം. ജീവനക്കാരുടെ സംഘടനകളൊന്നും ഈ പ്രവണതയെ അനുകൂലിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്നും വകുപ്പുതലവന്മാർ മനസ്സിലാക്കണം.
തീരുമാനങ്ങൾ എടുക്കുന്നതിൽ മേലുദ്യോഗസ്ഥന്മാർ മാതൃകയായിരിക്കണം. കാലതാമസം നീതിനിഷേധമാണ്. അത് അഴിമതിക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും നല്ല അവസരമാണ് ഈ സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.