നിർമിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിർമിത ബുദ്ധിയുടെ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് അവയെ പുരോഗമനോൻമുഖമായി ഉപയൊഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ജില്ലാ അവാർഡുകളുടെ വിതരണവും യുനിസെഫ് തയാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വരും കാലം നിർമിത ബുദ്ധിയുടെ കാലഘട്ടമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അവയുടെ കോട്ടങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ വരും തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. ഗുണകരമായവയെ പരിചയപ്പെടുത്തുക, ദോഷകരമായവയെ തിരസ്‌ക്കരിക്കുക എന്ന കാഴ്ചപ്പാടിലൂന്നിയാണ് നൂതന സാങ്കേതിക വിദ്യയുടെ പഠനവും പ്രയോഗവും സ്‌കൂളുകളിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിർമിത ബുദ്ധി എങ്ങനെ പ്രവർത്തിക്കുന്നുവെന്നല്ല കുട്ടികൾ പഠിക്കുന്നത്. എ.ഐയുടെ അടിസ്ഥാന കോഡിംഗ് അവർ പഠിക്കുന്നു. അതുപോലെ സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങൾ അവർ മനസിലാക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഈ യുഗത്തിൽ കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ലഭ്യമാക്കിയാൽ മാത്രം പോര. അത് വിവേചന ബുദ്ധിയോടെ ഉപയോഗിക്കുന്നതിനുള്ള അറിവുകൾ പകർന്നു നൽകുകയും വേണം.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രൈമറി തലത്തിലുള്ള വിവര സാങ്കേതിക വിദ്യ പാഠപുസ്തകങ്ങളിൽ പ്രോഗ്രാമിങ് അഭിരുചി വളർത്തൽ, യുക്തിചിന്ത എന്നിവക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യയിൽ വരുന്ന മാറ്റം ആദ്യം ഉൾക്കൊള്ളുക കുട്ടികളാണ്. കുട്ടികൾക്ക് രസകരമായ പഠനത്തിനുള്ള അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സ്‌കൂളുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.

ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കേരളത്തിലെ 80,000 അധ്യാപകർക്ക് എ.ഐ പരിശീലനം ആരംഭിച്ചതായി പറഞ്ഞു. 2025 ഓടെ മുഴുവൻ അധ്യാപകർക്കും എ.ഐ പരിശീലനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. യൂണിസെഫ് ഇന്ത്യ എഡ്യൂക്കേഷണൽ സ്പെഷ്യലിസ്റ്റ് പ്രമീള മനോഹരൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, യുണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചെയ്ഞ്ച് ഡയറക്ടർ ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Chief Minister said that the benefits of artificial intelligence should be recognized and used

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.