തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടനങ്ങളുടെ സമയക്രമമായി. നവംബർ 18ന് 3.30ന് മഞ്ചേശ്വരത്താണ് പരിപാടിയുടെ ഉദ്ഘാടനം. ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപനവും. ഒരേ വാഹനത്തിലാണ് മുഖ്യമന്ത്രി അടക്കം മന്ത്രിസഭയിലെ 21 പേരും യാത്ര ചെയ്യുക. ഒരു ദിവസം നാല് മണ്ഡലങ്ങളിലാണ് സംഘമെത്തുക. ചില ജില്ലകളിൽ മൂന്നും. അതത് ദിവസങ്ങളിൽ രാവിലെ ഒമ്പതിന് സന്ദർശിക്കാനുദ്ദേശിക്കുന്ന മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
15 മിനിറ്റ് മുഖ്യമന്ത്രി സംസാരിക്കും. 45 മിനിറ്റ് അതിഥികൾക്ക് അഭിപ്രായം പറയാം. മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടി പറയുന്നതോടെയാണ് കൂടിക്കാഴ്ച സമാപിക്കുക. തുടർന്ന് രാവിലെ 11 ഓടെയാണ് മണ്ഡലപര്യടനം തുടങ്ങുക. രാവിലെ 11, ഉച്ചക്ക് മൂന്ന്, വൈകീട്ട് 4.30, ആറ് എന്നിങ്ങനെയാണ് പൊതു സമയക്രമം. എല്ലാ യോഗങ്ങളിലും വിവിധ വകുപ്പു മേധാവികൾ പങ്കെടുക്കും. പ്രത്യേക കൗണ്ടറുകളിൽ ജനങ്ങൾക്കു പരാതിയും നിവേദനവും സമർപ്പിക്കാം. തീർപ്പാക്കാൻ കഴിയുന്നെങ്കിൽ അപ്പോൾ തീർപ്പാക്കും.
മണ്ഡല പര്യടന പരിപാടിയുടെ ചെലവ് ഏകോപിപ്പിക്കാനുള്ള ചുമതല ചീഫ് സെക്രട്ടറിക്കാണ്. ഈ മാസം അവസാനത്തോടെ സംഘാടക സമിതി രൂപവത്കരിക്കും. ഓരോ മണ്ഡലത്തിലും എം.എൽ.എമാര്‍ നേതൃത്വം നല്‍കും. പരിപാടിയുടെ ചെലവ്, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുടെ സഞ്ചാരത്തിന്റെയും താമസത്തിന്റെയും ചെലവുകള്‍ എന്നിവ സര്‍ക്കാർ വഹിക്കും. എന്നാല്‍, കലാ- സാംസ്കാരിക പരിപാടികളുടെ ചെലവ് സ്വകാര്യമായി കണ്ടെത്തണമെന്നാണ് നിർദേശം. സംസ്ഥാനതലത്തിലെ മുഖ്യ സംഘാടന ചുമതല പാര്‍ലമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.