തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായത്തിനപേക്ഷിച്ചവരുടെ എണ്ണവും നല്‍കിയ തുകയും വെളിപ്പെടുത്താതെ സർക്കാർ വൃത്തങ്ങൾ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കായി സമാഹരിച്ച തുക പൂർണമായി ചെലവഴിച്ചില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർക്കുൾപ്പെടെ പണം ലഭിച്ചെന്നും ഏജന്‍റുമാർ പണം തട്ടിയെന്നുമുള്ള വിവരങ്ങളാണ് വിജിലൻസിന്‍റെ ‘ഓപറേഷൻ സി.എം.ഡി.ആർ.എഫ്’ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച പരിശോധനകൾ തുടരുകയാണ്.
ദുരിതാശ്വാസവിതരണത്തിന്‍റെ കൃത്യമായ കണക്കുകൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷക്കും മറുപടി ലഭിച്ചിട്ടില്ല. 2016 മുതല്‍ 2021 വരെ എത്ര പേർ അപേക്ഷ നല്‍കി, എത്ര തുക വിതരണം ചെയ്തു തുടങ്ങിയവയാണ്വിവരാവകാശ ചോദ്യങ്ങളായി ഉന്നയിച്ചത്. ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷ റവന്യൂ വകുപ്പിന് കൈമാറി.
വിവരങ്ങള്‍ ക്രോഡീകരിച്ചുവരുന്നെന്നായിരുന്നു മറുപടി. ഇതിനെതിരെ വിവരാവകാശ കമീഷനെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അപേക്ഷകര്‍.
അതിനിടെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് സമാഹരിച്ച 4912.45 കോടിയിൽ ഇനിയും ചെലവിടാതെ 772.38 കോടി രൂപയുണ്ടെന്ന വിവരവും പുറത്തുവരുന്നു. പൊതുജനങ്ങളിൽനിന്ന് സാലറി ചലഞ്ചിലൂടെയും മറ്റും സമാഹരിച്ച പണമാണ് ചെലവിടാതിരിക്കുന്നത്. 2018, 2019 പ്രളയം, കോവിഡ് എന്നിവയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസനിധിയിലേക്ക് കോടികളാണെത്തിയത്.
സർക്കാർ സ്ഥാപനങ്ങൾ, പെൻഷൻകാര്‍ എന്നിവരിൽനിന്ന് -2,865 കോടി, സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് വഴി -1,229.89 കോടി, ഉത്സവബത്ത -117.69 കോടി, മദ്യവിൽപനയിലെ അധികനികുതി വഴി -308.68 കോടി, സംസ്ഥാന ദുരന്തനിവാരണ വിഹിതം -107.17 കോടി അടക്കം ആകെ സമാഹരിച്ചത് 4912.45 കോടി രൂപയാണെന്നാണ് ഔദ്യോഗിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.