ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണ് ചീഫ് സെക്രട്ടറി ഡോ. വി വേണു-മുഖ്യമന്ത്രി

തിരുവനന്തപുരം: ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണ് ചീഫ് സെക്രട്ടറി ഡോ. വി. വേണുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവീസിൽ നിന്നും വിരമിക്കുന്ന വേണുവിന്റെ യാത്രയയപ്പു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈദ്യശാസ്ത്ര ഡോക്ടർ, നാടക കലാകാരൻ, ഉദ്യോഗസ്ഥ പ്രമുഖൻ എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമ. സാധാരണ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പൊതുവിൽ ഇല്ലാത്ത ഒരു പ്രത്യേകതയാണിതെന്നും അദ്ദേഹം പറഞ്ഞു.

കലയോടുള്ള ആഭിമുഖ്യം ഉദ്യോഗസ്ഥ പ്രമുഖൻ എന്ന നിലക്കുള്ള ഉത്തരവാദിത്വ നിർവഹണത്തെ തെല്ലും ബാധിക്കാതെ നോക്കാൻ ഇദ്ദേഹം ശ്രദ്ധിച്ചു. ഈ പശ്ചാത്തലം ടൂറിസം പോലുള്ള വകുപ്പുകളെ നയിക്കുമ്പോൾ അദ്ദേഹത്തിനു പൊതുവിൽ ഗുണം ചെയ്തു. അത്തരം വകുപ്പുകൾക്ക് ജനപ്രിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിലും അതിന് ജനശ്രദ്ധ ആകർഷിക്കാൻ തക്ക  പേരുകൾ നൽകുന്നതിലും ഒക്കെ വലിയ തോതിൽ ഇതു പ്രയോജനപ്പെട്ടു.

ഡോക്ടർ എന്ന നിലക്കുള്ള ഡോ. വേണുവിന്റെ പശ്ചാത്തലം, ഡോക്ടർമാർ പൊതുവിൽ സമരത്തിനുപോയ ഒരു വേളയിൽ, ചികിത്സ കിട്ടാതെ വലഞ്ഞ രോഗികൾക്ക് ആശ്വാസമായത് ഞാൻ ഓർക്കുന്നു. മൂവാറ്റുപുഴയിൽ ഡോ. വേണു സബ് കലക്ടർ ആയിരുന്നപ്പോഴായിരുന്നു അത്. താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഉൾപ്പെടെ പണിമുടക്കിയപ്പോൾ രോഗികൾ വലഞ്ഞു. അവരുടെ വിഷമം അറിഞ്ഞാണ്, പണ്ടെന്നോ അഴിച്ചുവെച്ച സ്റ്റെതസ്‌കോപ് വീണ്ടുമെടുത്തത്. സബ് കലക്ടർ ഒ.പി വിഭാഗത്തിലെത്തി അമ്പതോളം രോഗികളെ പരിശോധിച്ചു. സമരം പൊളിക്കാനല്ല, വിഷമത്തിലായ രോഗികൾക്ക് ആശ്വാസം കൊടുക്കാനാണ് ശ്രമിച്ചത് എന്ന് അന്നു ഡോ. വേണു വ്യക്തമാക്കി. കേരളത്തിൽ നിന്ന് ഐ.എ.എസ് ലഭിച്ച രണ്ടാമത്തെ എം.ബി.ബി.എസ് ബിരുദധാരിയാണ് ഡോ. വി വേണു. ഡോ. ആശാ തോമസ് ഉണ്ട് മുൻഗാമിയായി.

സിവിൽ സർവീസിൽ നിരവധി ഭാര്യാ-ഭർത്താക്കന്മാരുണ്ട്, ഉണ്ടായിട്ടുമുണ്ട്. ചിലരൊക്കെ കലക്ടർ ചുമതല പരസ്പരം കൈമാറിയിട്ടുണ്ട്. ഭാര്യയും ഭർത്താവും വ്യത്യസ്ത കാലങ്ങളിൽ വകുപ്പുകളുടെ തലപ്പത്ത് എത്തുകയും ചീഫ് സെക്രട്ടറിമാർ ആവുകയും ഒക്കെ ചെയ്തിട്ടുമുണ്ട്. എന്നാൽ, ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ ചീഫ് സെക്രട്ടറി ചുമതല കൈമാറപ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ഇത് ആദ്യമായാണ്. ആ ഒരു സവിശേഷത കൂടി ഈ യാത്രയയപ്പു സമ്മേളനത്തിനുണ്ട്.

ഡോ. വേണുവിന്റെ പ്രാധാന്യം കേരളം കൂടുതലായി അറിഞ്ഞത്, ദുരന്തമുണ്ടായ വേളകളിൽ തന്നെയാണ്. വയനാട് ദുരന്തമുണ്ടായ ഈയിടെ ഏകോപനങ്ങൾക്ക് അദ്ദേഹം എങ്ങനെ നേതൃത്വം നൽകി എന്നതു നമ്മൾ കണ്ടു. അവിടെ ഉണ്ടായ ഉരുൾപൊട്ടലിന്റെയും മറ്റും പശ്ചാത്തലത്തിൽ അതിന്റെ ഗൗരവം ഇന്ത്യൻ പ്രധാനമന്ത്രിക്ക് കൃത്യമായി വിശദമാക്കിക്കൊടുക്കുന്ന വേണുവിനെ കേരളം കണ്ടു.

2018 ലെ പ്രകൃതിദുരന്ത ഘട്ടത്തിലും നമ്മൾ ഇതു കണ്ടു. അന്നു ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു വേണു. പുനരധിവാസ സജ്ജമാക്കി ആ പ്രദേശങ്ങളെ മാറ്റിയെടുക്കുന്നതിൽ, പുനരധിവാസം സാധ്യമാക്കുന്നതിൽ, അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കുന്ന റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിനെ നയിക്കുന്നതിൽ ഒക്കെ അദ്ദേഹം അർപണബോധത്തോടെ പ്രവർത്തിച്ചു. അന്ന് പുനർനിർമാണത്തിനുള്ള ലോകബാങ്ക് സഹായം വിജയകരമാംവിധം ചർച്ച ചെയ്തുറപ്പിക്കുന്നതിന് സർക്കാർ ആവിഷ്‌ക്കരിച്ച നയരേഖകൾക്കുള്ളിൽ നിന്നുകൊണ്ട് മാതൃകാപരമാംവിധമാണ് അദ്ദേഹം പ്രവർത്തിച്ചത്. 

വേണുവിന് കലയോടുള്ള അഭിമുഖ്യം നാടിനാകെ പ്രയോജനപ്പെട്ടിട്ടുണ്ട്. 2007-2011 ഘട്ടത്തിൽ സാംസ്‌കാരികകാര്യവകുപ്പു സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ച സന്ദർഭത്തിലാണ് 'ഇന്റർനാഷനൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള' ആരംഭിച്ചത്. കേരളം എന്ന പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

അപെക്‌സ് സാംസ്‌കാരിക സ്ഥാപനങ്ങൾ, ലൈബ്രറികൾ, ആർക്കൈവുകൾ, മ്യൂസിയങ്ങൾ എന്നിവയുടെ ചുമതലയുള്ള കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായും വേണു പ്രവർത്തിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ എന്ന നിലയിൽ ദേശീയ മ്യൂസിയത്തിന്റെ പുനരുജ്ജീവനത്തിനായി പ്രവർത്തിച്ച് പല പുതിയ പ്രോജക്ടുകളും കേരളത്തിലേക്കു കൊണ്ടുവന്നു. കേരളത്തിലെ മ്യൂസിയങ്ങളും ആർക്കൈവുകളും നവീകരിക്കുന്നതിൽ വലിയ പങ്കു വഹിച്ചു.

സർക്കാർ നയങ്ങൾക്കനുസൃതമായി വിവിധ പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ, അവ വിജയകരമായി നടപ്പാക്കുന്നതിൽ ഒക്കെ വലിയ ശുഷ്‌ക്കാന്തിയും താൽപര്യവുമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രാവൽ മാർട്ടായ 'കേരള ട്രാവൽ മാർട്ട്' വേണുവിന്റെ ആശയമായിരുന്നു. ടൂറിസം സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ച ഘട്ടത്തിൽ വിനോദസഞ്ചാര ലോകഭൂപടത്തിൽ കേരളത്തിനു മിഴിവുറ്റ സ്ഥാനം കൈവന്ന കാര്യവും എടുത്തുപറയണം. ഇൻക്രെഡിബിൾ ഇന്ത്യ ക്യാമ്പയിൻ, റെസ്‌പോൺസിബിൾ ടൂറിസം എന്നിവയിലും വേണുവിന്റെ വ്യക്തിമുദ്ര പതിഞ്ഞു.

കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതി തയാറാക്കുന്നതിൽ മേൽനോട്ടം വഹിച്ച വേണു, സി.ആർ. ഇസ്സഡ് വിജ്ഞാപനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രശ്‌നങ്ങൾ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഭാഗത്തിന്റെ തലപ്പത്തുള്ളവരെ ബോദ്ധ്യപ്പെടുത്തുന്നതിലും സംസ്ഥാന കാലാവസ്ഥാ അഡാപ്‌റ്റേഷൻ മിഷൻ സ്ഥാപിക്കുന്നതിലും പ്രധാന പങ്കാണ് വഹിച്ചത്.

അൻപതോളം നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള, ഷേക്‌സ്പിയറുടെ 'മാക്‌ബത്തി'ലെ ഡങ്കൻ രാജാവിനെ വേദിയിൽ തെളിമയോടെ അവതരിപ്പിച്ച് കൈയടി വാങ്ങിയ കലാകാരനാണ് വേണു എന്നത് അധികം പേർക്ക് അറിയുമെന്നു തോന്നുന്നില്ല. വിജയ് ടെണ്ടുൽക്കറുടെ 'സഖരം ബൈൻഡറി'ലെ ഷിൻഡെ, അയ്യപ്പപ്പണിക്കരുടെ 'പാളങ്ങളി'ലെ അധികാരി, 'ഭഗവദജ്ജൂക'ത്തിലെ യമരാജൻ തുടങ്ങിയ വേഷത്തിലും തിളങ്ങിയിട്ടുണ്ട് ഈ ചീഫ് സെക്രട്ടറി.

കലാപ്രവർത്തനവും ഭരണപ്രവർത്തനവും ഒരുപോലെ മുമ്പോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞു. സെക്രട്ടേറിയറ്റിലെ നാലു ചുമരുകൾക്കുള്ളിൽ നിന്നു പൊതുസമൂഹത്തിന്റെ ചുമരുകളില്ലാത്ത വിശാലതയിലേക്കു വേണുവിനെ കേരളം സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Chief Secretary Dr. V Venu is the owner of multifaceted personality. -Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.