തിരുവനന്തപുരം: അസംഘടിത മേഖലയിലെ തൊഴിലാളികൾ ഇ-ശ്രം പോർട്ടലിൽ (www.eshram.gov.in) ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി നിർദേശിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ഇൻഷുറൻസ്, മറ്റ് സാമൂഹിക സുരക്ഷ ആനുകുല്യങ്ങൾ എന്നിവക്ക് ഭാവിയിൽ ലഭ്യമാക്കാൻ രജിസ്ട്രേഷൻ കാർഡ് നിർബന്ധമാക്കാൻ സാധ്യതയുണ്ട്.
സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കമ്പനി, ബോർഡ്, കോർപറേഷൻ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ അവരുടെ പ്രവർത്തന മേഖലയിൽ വരുന്ന തൊഴിലാളികളെ ഒരാഴ്ചക്കകം പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി. സുപ്രീംകോടതി വിധി പ്രകാരം അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളും ഡിസംബർ 31നകം ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
കെട്ടിട നിർമാണ തൊഴിലാളികൾ, അന്തർസംസ്ഥാന തൊഴിലാളികൾ, പാചക-കർഷക തൊഴിലാളികൾ, സ്വയം തൊഴിൽ െചയ്യുന്നവർ, വഴിയോര കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, ക്ഷീര കർഷകർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവരിൽ ഇ.എസ്.ഐ, ഇ.പി.എഫ് പദ്ധതികൾ ബാധകമാക്കിയിട്ടില്ലാത്ത എല്ലാവരെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.