തിരുവനന്തപുരം: യോഗ്യതാമാനദണ്ഡം അവഗണിച്ച് സി.പി.എം അനുഭാവികളെ ബാലാവകാശ കമീഷൻ അംഗങ്ങളായി നിയമിക്കാൻ നീക്കമെന്ന് ആക്ഷേപം. ചെയർമാനായി സി.പി.എം അനുഭാവിയെ നിയമിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചതിന് പിന്നാലെയാണ് അംഗങ്ങളെ നിശ്ചയിക്കുന്നതിലും സമാന നീക്കം നടക്കുന്നത്. അപേക്ഷകരിൽ ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കി തയാറാക്കിയ ചുരുക്കപ്പട്ടികയിൽനിന്ന് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായ ബോർഡാണ് ഓൺലൈൻ അഭിമുഖം നടത്തി റാങ്ക് പട്ടിക തയാറാക്കിയത്.
കേരള സർവകലാശാല എൽഎൽ.ബി പരീക്ഷയിൽ റാങ്ക് ലഭിക്കേണ്ട ഗവ. ലോ കോളജ് വിദ്യാർഥികളെ കൂട്ടത്തോടെ തോൽപ്പിച്ചെന്ന പരാതിയിൽ നടപടി കൈക്കൊണ്ട അധ്യാപകനും ഹൈകോടതി ഉത്തരവിൽ കഴിഞ്ഞ കമീഷനിൽനിന്ന് നീക്കിയ സി.പി.എം പ്രതിനിധിയായ കാസർകോട് മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറും നിയമനത്തിന് ശിപാർശ ചെയ്തവരിൽ പെടുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടവരെയും കോടതി അയോഗ്യരാക്കിയവരെയും രാഷ്ട്രീയവിധേയത്വത്തിെൻറ പേരിൽ നിയമിക്കരുതെന്ന് ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാൻ ആർ.എസ്. ശശികുമാറും കൺവീനർ ഉള്ളൂർ മുരളിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇൻറർവ്യൂവിൽ പങ്കെടുത്ത ജില്ല ജഡ്ജിമാരെയും ബാലാവകാശ പ്രവർത്തകരെയും മറികടന്ന് മുഖ്യമന്ത്രിയുടെ സുഹൃത്തിെൻറ മകന് ബാലാവകാശ കമീഷൻ ചെയർമാനായി നിയമച്ചതിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് ശിശുക്ഷേമസംരക്ഷണസമിതി അറിയിച്ചു. ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ശിശുക്ഷേമപ്രവർത്തനങ്ങളിൽ അംഗീകാരം നേടിയ ഈ മേഖലയിലുള്ള പ്രവൃത്തിപരിചയമാണ് യോഗ്യതയായി നിശ്ചയിച്ചതെങ്കിലും ഇളവുവരുത്തി. സ്കൂൾ പി.ടി.എ പ്രവൃത്തിപരിചയം മാത്രമാണ് നിയമിതനായ കെ.വി. മനോജ്കുമാറിനുള്ളത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മുതിർന്ന മുൻ െഎ.എ.എസ് ഉദ്യോഗസ്ഥയെയും മുൻ പോസ്റ്റ് മാസ്റ്റർ ജനറലിനെയുമാണ് നിയമിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.
പരമയോഗ്യനായ വ്യക്തിയെതന്നെയാണ് ബാലാവകാശ കമീഷൻ ചെയർമാനായി നിയമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അപേക്ഷയും അഭിമുഖവും കഴിഞ്ഞശേഷമാണ് മനോജ്കുമാറിനെ തീരുമാനിച്ചത്. യോഗ്യനാണെന്ന് കെണ്ടത്തിയതിനെതുടർന്നാണ് നിയമനം. അദ്ദേഹത്തെ നിയമിക്കാനായി ഒരു മാനദണ്ഡത്തിലും ചട്ടത്തിലും ഒരു ഇളവും വരുത്തിയിട്ടില്ല. മുൻ വർഷങ്ങളിലെപ്പോഴോ പ്രത്യേക ഉദ്ദേശ്യത്തോടെ ചില കാര്യങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ, ആ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അപേക്ഷകൾ ലഭിച്ചിരുന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.