വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാനുള്ള മാതാവിെൻറ ശ്രമം വർക്കല ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫിസറുടെ ഇടപെടലിനെ തുടർന്ന് കോടതി തടഞ്ഞു. വർക്കല വികസന ബ്ലോക്ക് പരിധിയിലാണ് സംഭവം.
ചെറുന്നിയൂർ പഞ്ചായത്ത് സ്വദേശിയും പ്ലസ് ടു വിദ്യാർഥിനിയുമായ പെൺകുട്ടിയെ ചെമ്മരുതി പഞ്ചായത്ത് സ്വദേശിയും ശാരീരിക വൈകല്യമുള്ള യുവാവുമായി അയാളുടെ വീട്ടിൽ ഞായറാഴ്ച രാവിലെ വിവാഹം നടത്താനായിരുന്നു തീരുമാനം. പെൺകുട്ടിയുടെ പിതാവ് നേരത്തേ മരിച്ചു. മാതാവ് നിർധനയാണ്. അതിനാലാണ് മകളുടെ വിവാഹം നേരത്തേ നടത്താൻ തീരുമാനിച്ചെതന്ന് പറയുന്നു.
സാമ്പത്തിക പരാധീനതകൾ മനസ്സിലാക്കിയ വരനും കുടുംബവും വിവാഹച്ചെലവുകൾ പൂർണമായും ഏറ്റെടുത്തു. വിവാഹക്ഷണക്കത്ത് അച്ചടിച്ചിരുന്നില്ല. ഇരു കൂട്ടരുടെയും അടുത്ത ബന്ധുക്കളെ മാത്രമാണ് ക്ഷണിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫിസർക്ക് ഇതു സംബന്ധിച്ച് വിവരം ലഭിച്ചു. അന്വേഷണത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും മനസ്സിലായി. ഉടനെ ഓഫിസർ വർക്കല കോടതിയെ സമീപിച്ചു. ഉച്ചക്ക് രണ്ടിന് കോടതി ശൈശവ വിവാഹം തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
ഇത് പെൺകുട്ടിയുടെയും വരെൻറയും ബന്ധുക്കൾക്ക് അടിയന്തരമായി കൈമാറാൻ പൊലീസിന് നിർദേശം നൽകി. രണ്ടു മാസം മുമ്പും വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. അന്ന് ഇതേ ഓഫിസർ ഇടപെട്ട് നിയമലംഘനം ബോധ്യപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയായതിന് ശേഷമേ വിവാഹം നടത്തുകയുള്ളൂവെന്ന് രക്ഷിതാക്കൾ അന്ന് ഓഫിസർക്ക് ഉറപ്പുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.