തിരുവനന്തപുരം: അതിയന്നൂർ മുള്ളുവിള പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മാതാ പൗൾട്രി ഫാം അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. ഫാമിന്റെ പ്രവർത്തനം കുട്ടികൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്.
ഫാം പ്രവർത്തിക്കുന്നില്ലെന്ന് അതിയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ്. കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ, അംഗം ഡോ.എഫ്.വിൽസൺ എന്നിവരുടെ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. ഇത് നടപ്പിലാക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യമെങ്കിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയുടെ സേവനം തേടാനും കമീഷൻ നിർദ്ദേശിച്ചു.
ഫാമിൽ നിന്നുള്ള അമിതമായ ദുർഗന്ധവും ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യവും കാരണം കുട്ടികൾക്കു ഭക്ഷണം കഴിക്കാനും പഠിക്കാനും കഴിയുന്നില്ല. കുട്ടികൾക്ക് തുടർച്ചയായി വിവിധ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരുന്നു. അവരുടെ ആരോഗ്യനില മോശമാകുന്നു മുതലായ വിഷയങ്ങൾ ഉന്നയിച്ച് ഫാമിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന പരാതിയിൻമേലാണ് കമീഷൻ നടപടിക്ക് നിർദേശം നൽകിയത്. ശുപാർശകളിൻമേൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം കമീഷന് സമർപ്പിക്കാനും ഉത്തരവിൽ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.