സുരക്ഷിത ബാല്യം സുന്ദര കേരളം എന്ന ലക്ഷ്യത്തിനായി ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ബാലവകാശ കമീഷൻ

കൊച്ചി: സുരക്ഷിത ബാല്യം സുന്ദര കേരളം എന്ന ലക്ഷ്യത്തിനായി വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ച് മുന്നോട്ടുപോകേണ്ടത് അനിവാര്യമാണെന്ന് ബാലാവകാശ കമീഷൻ ചെയർപേഴ്സൺ അഡ്വ. കെ.വി മനോജ് കുമാർ. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട്, റൈറ്റ് ടു എഡ്യൂക്കേഷൻ എന്നിവ സംബന്ധിച്ച് കലക്ടറേറ്റിൽ നടന്ന ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാല സൗഹൃദ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളിലായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. എന്നാൽ ഇതെല്ലാം ഉദ്ദേശ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഏകോപനം നടത്തുകയും കൃത്യമായി അവലോകനം ചെയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ശിശു സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പൊതുജനങ്ങൾക്കും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകാനുള്ള സംവിധാനം കമീഷൻ ഒരുക്കും. സർക്കാർ, സ്വകാര്യ നിയന്ത്രണത്തിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്നും അവിടെ കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങളും സംരക്ഷണങ്ങളും ലഭിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഫോറൻസിക് ലബോറട്ടറി റിപ്പോർട്ടുകൾ വൈകുന്നത് കമീഷന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ ഇടപെടൽ നടത്തും. സംസ്ഥാനതലത്തിൽ യോഗം ചേരും.

ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ, റൈറ്റ് ടു എഡ്യൂക്കേഷൻ തുടങ്ങിയ ശിശു സംരക്ഷണം നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകും. പൊലീസ് വകുപ്പിന് ബോധവൽക്കരണം നൽകിയിരുന്നു. പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് കുടുംബശ്രീയുമായി ചേർന്ന് പരിശീലന പരിപാടി സംഘടിപ്പിക്കും. സംസ്ഥാനതലത്തിൽ അധ്യാപകർക്ക് ഈ മേഖലയിൽ പരിശീലനം നൽകി. ജില്ലാതലത്തിലും പരിശീലനം സംഘടിപ്പിക്കും.

സ്കൂൾ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് സംബന്ധിച്ച് പരിശോധന ശക്തമാക്കണം. ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണം. സർക്കാർ, ഇതര സംഘടനകൾ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട അധ്യാപകർ ചുമതല കൃത്യമായി നിർവഹിക്കണം. വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രകളിൽ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കണം. ചുമതലപ്പെട്ട അധ്യാപകർ ആദ്യ അവസാനം കുട്ടികളോടൊപ്പം ഉണ്ടാകണം. വിദ്യാലയങ്ങളിൽ കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി കണ്ടെത്തി പരിഹരിക്കുന്ന രീതിയിൽ അധ്യാപകർ മാറണം.

പട്ടികജാതി വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ കൃത്യമായി പരിശോധന നടത്തി കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റുമെത്തുന്ന കുട്ടികളെ ബാലവേലയ്ക്ക് ഉപയോഗിക്കുന്നത് തടയാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപടികൾ സ്വീകരിക്കും.

കുട്ടികൾക്ക് സുരക്ഷയും സംരക്ഷണവും കൃത്യമായി നൽകുന്നതിലൂടെ മാത്രമേ നന്മയുള്ള തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ. വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ സാധിക്കൂ. കമീഷന്റെ ഭാഗത്തുനിന്നും ഇതിനായി ഇടപെടൽ നടക്കും. സർക്കാരിന് മുന്നിൽ ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കും. ശിശു സൗഹൃദ കേരളം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ശിശു സംരക്ഷണവുമായി വിവിധ വകുപ്പുകൾ നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. നേരിടുന്ന വെല്ലുവിളികളും, ആവശ്യമായ നടപടികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കമ്മിഷനു മുൻപാകെ ബോധിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, എക്സൈസ്, ഗതാഗതം, പട്ടികജാതി -വർഗ വകുപ്പ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ്, തൊഴിൽ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കമീഷൻ വിലയിരുത്തി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ബാലാവകാശ കമീഷൻ അംഗം ടി.സി ജലജമോൾ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ ബി. അനിൽ കുമാർ, വനിതാ ശിശു വികസന ഓഫീസർ പ്രേംന മനോജ്, ശിശു സംരക്ഷണ ഓഫീസർ കെ.എസ് സിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Child Rights Commission to work in coordination for the goal of safe childhood and beautiful Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.