‘കാറുകളിലെ ചൈൽഡ് സീറ്റ് ഉടൻ നടപ്പിലാക്കില്ല, ഉദ്ദേശിച്ചത് ബോധവത്കരണം മാത്രം’; ഗതാഗത കമീഷണറെ തള്ളി മന്ത്രി

തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റും കുട്ടികൾക്കുള്ള സീറ്റ് ബെൽറ്റും വേണമെന്നുമുള്ള കേന്ദ്രനിയമം സംസ്ഥാനത്ത് ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ചട്ടം നടപ്പാക്കുമെന്ന ഗതാഗത കമീഷണറുടെ അറിയിപ്പിനെ മന്ത്രി വാർത്ത സമ്മേളനത്തിൽ തള്ളി. ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും ബോധവത്കരണം മാത്രമാണ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ കുഞ്ഞുങ്ങൾ മരിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗതാഗത കമീഷണർ ചൈൽഡ് സീറ്റും സീറ്റ് ബെൽറ്റും നിർബന്ധമാണെന്നും ഡിസംബറോടെ ചട്ടം പാലിക്കാത്തവരിൽനിന്ന് പിഴ ഈടാക്കുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചത്.

“കേന്ദ്ര നിയമം കർശനമായി നടപ്പാക്കാൻ പ്ലാനില്ല. നിയമത്തിലുള്ള കാര്യം ഗതാഗത കമ്മീഷണർ പറഞ്ഞുവെന്ന് മാത്രം. ബോധവത്കരണമാണ് അദ്ദേഹം ഉദ്ദേശിച്ചത്. അതു സംബന്ധിച്ച് അദ്ദേഹം എനിക്ക് മെസേജ് അയച്ചിരുന്നു. കാറുകളിൽ ചൈൽഡ് സീറ്റ് വേണമെന്നത് പുതിയ കേന്ദ്ര നിയമത്തിൽ പറയുന്ന കാര്യമാണ്. സംസ്ഥാനത്ത് നടപ്പാക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പിന്നീട് സർക്കാർ തീരുമാനമെടുക്കും. എന്തായാലും ഡിസംബർ മുതൽ ഫൈൻ അടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. പെട്ടെന്ന് അടിച്ചേൽപ്പിക്കുന്നത് ശരിയല്ലല്ലോ. എന്നിരുന്നാലും കുട്ടികളെ പരമാവധി പിൻ സീറ്റിൽ ഇരുത്താൻ ശ്രമിക്കുക.

കൊച്ചുകുട്ടികളെ ഹെൽമറ്റ് ധരിപ്പിച്ച് കൊണ്ടുപോകുന്ന നിരവധിപേരെ ഇപ്പോൾ തന്നെ കാണാറുണ്ട്. അത് എല്ലായിടത്തുമുള്ള കാര്യമാണ്. സുരക്ഷക്ക് അത് നല്ലതാണ്. എന്നാൽ ഫൈൻ അടിക്കുന്ന കാര്യമൊന്നും ഇപ്പോൾ ആലോചനയിലില്ല. ഹെൽമറ്റുകൾ കോടതി നിർദേശ പ്രകാരമാണ് നിർബന്ധമാക്കിയത്. കേന്ദ്രനിയമത്തിലെ എല്ലാ കാര്യങ്ങളും നടപ്പാക്കിയാൽ കേരളത്തിലെ റോഡിലൂടെ വണ്ടി ഓടിക്കാനാവില്ല. ലോകോത്തര നിലവാരത്തിലുള്ള റോഡുകളെ ഉദ്ദേശിച്ചുളളവയാണത്. അത്തരത്തിൽ ചുരുക്കം ചില ഹൈവേകൾ മാത്രമാണുള്ളത്. എന്നാൽ ഭാവിയിൽ അത്തരത്തിൽ മാറും” -ഗണേഷ് കുമാർ പറഞ്ഞു.

Tags:    
News Summary - Child seat in cars will not implement soon -KB Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.