കൊച്ചി: രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് കോവിഡ് വാക്‌സിനെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഊഹാപോഹം മാത്രമെന്ന് ഹൈകോടതി. രക്ഷിതാക്കൾ സമ്മതിച്ചില്ലെങ്കിലും സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും വാക്‌സിൻ നൽകാൻ ജില്ല കലക്ടർമാർ ആസൂത്രിത ശ്രമം നടത്തുന്ന സംഭവങ്ങളോ ഇതുസംബന്ധിച്ച പരാതികളോ ഉണ്ടായിട്ടില്ല.
ആർക്കും നിർബന്ധിച്ച് വാക്‌സിൻ നൽകരുതെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. എറണാകുളം മുപ്പത്തടം സ്വദേശി വി.എസ്. തമ്പി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. തുടർന്ന് ഇതിലെ തുടർ നടപടികൾ ഹൈകോടതി അവസാനിപ്പിച്ചു.
സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം ഹരജിക്കാരൻ ഇത്തരമൊരു പരാതി ഉന്നയിച്ചതെന്ന് കോടതി നിരീക്ഷിച്ചു. മധ്യവേനലവധിക്കു ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ രക്ഷിതാക്കളെ ബോധവത്കരിക്കുന്നത് നടക്കുന്നുണ്ടെന്നും നിർബന്ധിച്ച് നൽകണമെന്ന് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇതു രേഖപ്പെടുത്തിയാണ് ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.