നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ കുട്ടികളെ പൊരിവെയിലത്ത് നിർത്തി

പാനൂർ (കണ്ണൂർ): നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ ചമ്പാട് മേഖലയിൽ നാല് വിദ്യാലയങ്ങളിലെ കുട്ടികളെ പൊരിവെയിലിൽ നിർത്തി. ചമ്പാട് എൽ.പി, ചമ്പാട് വെസ്റ്റ് യു.പി, പന്ന്യന്നൂർ ഐ.ടി.ഐ, ചോതാവൂർ ഹയർ സെക്കൻഡറി എന്നീ വിദ്യാലയങ്ങളിലെ പിഞ്ചു കുട്ടികളടക്കമുള്ളവരെയാണ് വെയിലത്ത് നിര്‍ത്തിയത്. തലശ്ശേരിയിൽ മന്ത്രിസഭയോഗത്തിനുശേഷം കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പാനൂരിലേക്ക് പോകുന്ന വഴിയിലാണ് കുട്ടികൾ അഭിവാദ്യമർപ്പിച്ചത്. മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നവകേരള സദസ്സിന്റെ ഭാഗമായി കൂത്തുപറമ്പ് നിയോജക മണ്ഡലം തല പരിപാടിക്കായി അഭിവാദ്യം അർപ്പിക്കാൻ കുട്ടികളെ റോഡരികിൽ നിർത്തിയതിൽ പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശമുള്ളതായി ഈ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ പറഞ്ഞു. ഇതിനുള്ള ബാനറും പഞ്ചായത്ത് അധികൃതർ സ്കൂളിലെത്തിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെയാണ് കുട്ടികളെ വെയിലത്ത് നിർത്തിയത്. മുഖ്യമന്ത്രി തലശേരി ഭാഗത്തുനിന്നു വരുമ്പോൾ സ്വീകരിക്കാനും അഭിവാദ്യമർപ്പിക്കാനും കുട്ടികളുടെ എണ്ണം വെച്ച് പറഞ്ഞാണ് നിർദേശം.

സംഭവത്തിൽ പരാതിയുമായി എം.എസ്.എഫും എ.ബി.വി.പിയും രംഗത്തെത്തി. ബാലാവകാശ കമീഷനും മനുഷ്യാവകാശ കമീഷനും എം.എസ്.എഫ് ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത് പരാതി നൽകി. പ്രധാനാധ്യാപകർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്നാണ് എം.എസ്.എഫ് ആവശ്യപ്പെട്ടത്. എ.ബി.വി.പി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ടി ശ്രീഹരി ദേശീയ ബാലാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - children in the street to greet navakerala sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.